nithin

പേരാമ്പ്ര (കോഴിക്കോട്): ഗർഭിണിയായ ഭാര്യയെ ഗൾഫിൽ നിന്നു സുരക്ഷിതയായി നാട്ടിലെത്തിക്കാൻ സുപ്രീം കോടതിയിൽ വരെയെത്തിയ നിഥിന് ഇനി ഒരിക്കലും നാട്ടിലെത്തി പ്രിയതമയെ കാണാനാവില്ല. ആ 29-കാരന്റെ ജീവൻ പൊലിഞ്ഞു. പ്രത്യേക വിമാന സർവീസിന് തുടക്കമിട്ടതോടെ ഭാര്യ ആതിരയ്ക്ക് നാടണയാൻ കഴിഞ്ഞു. പിറകെ വൈകാതെ എത്താമെന്ന വിശ്വാസത്തിലായിരുന്നു നിഥിൻ. ഉടനെത്തുമെന്ന കാത്തിരിപ്പിലായിരുന്നു ആതിരയും.

ഷാർജയിൽ സ്വകാര്യ കമ്പനിയിൽ എൻജിനിയറായ പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രനെ ഇന്നലെ രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കൾ തട്ടിവിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ഒരു വർഷം മുമ്പ് ചികിത്സയ്ക്ക് വിധേയനായിരുന്നു.

നിഥിന്റെ പൊടുന്നനെയുള്ള വിയോഗം ഗൾഫിലെ മലയാളികൾക്കിടയിലും നാട്ടിലും ഞെട്ടലുളവാക്കുന്നതായി. യു.എ.ഇ യിൽ നിന്ന് നാട്ടിലെത്താൻ സൗകര്യമുറപ്പാക്കണമെന്നാവശ്യപ്പെട്ട് നിഥിന്റെ ഭാര്യ ആതിര ഗീതാ ശ്രീധരൻ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുബായിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ഏഴു മാസം ഗർഭിണിയായിരിക്കെയാണ് പ്രസവത്തിനായി നാട്ടിലെത്തണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. ഗൾഫിൽ സാമൂഹികസേവന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നിഥിൻ ഇൻകാസ് യൂത്ത് വിംഗിന്റെ സഹായത്തോടെയാണ് സുപ്രീം കോടതിയിൽ ഭാര്യയുടെ ഹർജി സമർപ്പിച്ചത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒടുവിൽ പ്രത്യേക വിമാന സർവീസിന് തുടക്കമിട്ടപ്പോൾ തന്നെ ആതിരയ്ക്ക് ടിക്കറ്റ് റെഡിയായി. ആതിര അതോടെ ശ്രദ്ധാവിഷയമായിരുന്നു. ഇൻകാസാണ് അന്ന് വിമാന ടിക്കറ്റ് നൽകിയത്. പകരമെന്നോണം അർഹരായവർക്ക് പോകാനായി രണ്ടു ടിക്കറ്റ് നിഥിൻ ഇൻകാസിന് കൈമാറിയിരുന്നു.

റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ രാമചന്ദ്രന്റെ മകനാണ് നിഥിൻ. ദുബായ് റാഷിദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനാഫലം കൂടി വന്ന ശേഷം നാട്ടിലേക്കു കൊണ്ടുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു.