azhiyur
മാഹി പുഴയിൽ കക്കടവ് ഭാഗത്തെ ബണ്ട്

വടകര: കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും ബൈപാസ് നിർമ്മാണത്തിന് മാഹി പുഴയിൽ അഴിയൂർ കക്കടവ് ഭാഗത്ത് കെട്ടിയ ബണ്ട് പൊളിച്ച് നീക്കിയില്ല. ബണ്ട് കെട്ടി പുഴയിലെ സ്വാഭാവിക ഒഴുക്ക് നിലച്ചതോടെ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അഴിയൂരടക്കം ആറോളം പഞ്ചായത്തുകളിലെ പുഴയോര ജനവാസകേന്ദ്രങ്ങളിലാണ് വെളളം കയറിയത്. അന്നുതന്നെ ബണ്ട് പൊളിക്കാൻ കളക്ടർ ഉത്തരവിട്ടെങ്കിലും ഇതുവരെയും നടന്നില്ല. മാർച്ചിൽ മഴയ്ക്ക് മുന്നോടിയായി ബണ്ട് പൊളിക്കാൻ വീണ്ടും ഉത്തരവ് വന്നെങ്കിലും ബണ്ടിന്റെ അരികിൽ നിന്നായി കുറച്ച് മണ്ണ് നീക്കുകമാത്രമാണ് ഉണ്ടായത്. മഴ കനത്തതോടെ ഭീതിയിലായ ജനങ്ങൾ വീണ്ടും പരാതിയുമായി മുന്നോട്ടുവന്നിരിക്കുകയാണ്. പതിനഞ്ച് അടിയോളം താഴ്ചയിലുളള പുഴയുടെ ഒഴുക്കാണ് ബണ്ട് കാരണം തടസപ്പെടുന്നതെന്ന് സമീപവാസികൾ പറഞ്ഞു.ജനങ്ങളുടെ ആശങ്കയും ബണ്ട് പൊളിച്ച് നീക്കാത്ത അവസ്ഥയും വില്ലേജ് ഓഫീസർ ആർ.ഡി.ഒയെ അറിയിച്ചിട്ടുണ്ട്. മാഹി പുഴയിൽ അഴിയൂർ കക്കടവ് ഭാഗത്ത് പാലം നിർമ്മാണത്തിനായി കെട്ടിയ ബണ്ട് പൊളിച്ച് മാറ്റണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.