വടകര: കൊവിഡ് -19 പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിലും സമ്പർക്ക വ്യാപനം ഇല്ലാത്തതിനാൽ അഴിയൂർ ഗ്രാമപഞ്ചായത്തിനെ റെഡ് സോണിൽ നിന്ന് ഒഴിവാക്കി. കണ്ടയിൻമെന്റായി പ്രഖ്യാപിച്ച 13ാം വാർഡായ കറപ്പകുന്നിലെ നിയന്ത്രണങ്ങളും ജില്ലാ കളക്ടർ ഒഴിവാക്കി. ഇതോടെ കടകളുടെ പ്രവർത്തന സമയം വൈകീട്ട് 7 മണി വരെയായി ദീർഘിപ്പിച്ചു. അതെസമയം ആരാധനാലയങ്ങൾ 30 വരെ അടച്ചിടാൻ പഞ്ചായത്തിൽ ചേർന്ന 25 ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. ഓട്ടോ ഡ്രൈവർമാർ യാത്രക്കാരുടെ വിവരം രേഖപ്പെടുത്തുന്നതിന് നോട്ട് ബുക്ക് സൂക്ഷിക്കണം. വഴിയോരക്കച്ചവടം നിയന്ത്രിക്കും. ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ കെട്ടിട ഉടമകളോട് യോഗം ആവശ്യപ്പെട്ടു. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ വരാനിരിക്കുന്ന സാഹചര്യത്തിൽ ബാത്ത്റൂം സൗകര്യമുള്ള സ്കൂൾ, അംഗൻവാടികൾ, മറ്റ് പൊതു സ്ഥാപനങ്ങൾ ഏറ്റെടുക്കുവാൻ യോഗം തീരുമാനിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് സ്റ്റിക്കർ പതിക്കും. യുവജന സംഘടനകളിൽ നിന്ന് അഞ്ച് പേരെ വീതം കൊവിഡ് കെയർ ഡ്യൂട്ടിക്കായി നിയമിക്കും. കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ ലോറികൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ആർ.ടി.ഒ മാർക്ക് ചെയ്യും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു.