കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമായി. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ എം.എൽ.എ മുൻകൈയെടുത്താണ് ഓൺലൈൻ സൗകര്യമില്ലെന്ന് സർവേയിൽ കണ്ടെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും ടെലിവിഷനുകളും മൊബൈൽ ഫോണുകളും ലഭ്യമാക്കിയത്. കുറ്റിച്ചിറ സിയസ്‌കോയിൽ നടന്ന ഡിജിറ്റൽ പഠനോപകരണ വിതരണം ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയ്തു.
പൊതുസ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ, പത്തോളം പൊതുസ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങൾ, എന്നിവ ഒരുക്കി. പഠനോപകരണങ്ങൾ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനി ഏറ്റുവാങ്ങി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ശ്രീകല, ഡോ.എ.കെ അബ്ദുൽ ഹക്കീം, കെ.മൊയ്തീൻകോയ, അഡ്വ.എ.വി.അൻവർ, പി.എൻ.വലീദ് എന്നിവർ പ്രസംഗിച്ചു.