കോഴിക്കോട്: ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികളെ ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി. ഒരു കുട്ടിയെ അവസാന അഭയ കേന്ദ്രം എന്ന നിലയിലേ സംരക്ഷണത്തിനയക്കവൂ. ശ്രദ്ധയും പരിചരണവും വേണ്ടവർക്ക് സ്ഥാപനേതര സംരക്ഷണം ബദൽ മാർഗമായി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും ഉത്തരവായിരുന്നു. ഈ സാഹചര്യത്തിൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് 2019 മേയ് 25ന് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
സുപ്രീംകോടതി നിർദ്ദേശം ബാധകം
2015 ജെ.ജെ. നിയമ പ്രകാരം സ്ഥാപനങ്ങളിൽ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണോ എന്ന് സി.ഡബ്ലിയു.സി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടിക്ക് മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരുമോ ഉണ്ടെന്ന കാരണത്താൽ ശിശു സംരക്ഷണ സ്ഥാപത്തിലേക്കുള്ള പ്രവേശനം നിഷേധിക്കരുത്. ആവശ്യമായ ശ്രദ്ധയും സംരക്ഷണം ഉറപ്പാക്കാൻ രക്ഷാകർത്താക്കൾ പ്രാപ്‌തരല്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടാൽ കുട്ടിയെ ശിശു സംരക്ഷണ സ്ഥാപത്തിൽ പ്രവേശിപ്പിക്കണം.
ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കണം
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെയും വീട്ടിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തവരെയും ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് താത്കാലികമായി ഉടൻ പ്രവേശിപ്പിക്കണം. ഇവരുടെ കാര്യത്തിൽ സാമൂഹിക അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി 60 ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനം എടുക്കണം.
ഏതെങ്കിലും സ്ഥാപനങ്ങൾക്കോ സ്ഥാപന മാനേജ്‌മെന്റിനോ ജെ.ജെ. രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതിൽ കോടതിയുടെ സ്‌റ്റേ നിലവിലുണ്ടെങ്കിൽ മുമ്പ് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ബാധകമല്ല. എല്ലാ അപേക്ഷകളിലുമുള്ള ഉത്തരവുകൾ ഡാറ്റാ എൻട്രിക്കായി ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കൈമാറണം. അപേക്ഷകൾ പരിഗണിക്കുന്നതിന് ഹോം സ്റ്റഡി പൂർത്തിയാക്കുക, സിറ്റിംഗുകൾ യഥാക്രമം സംഘടിപ്പിക്കാൻ ജില്ലാ വനിതാശിശു വികസന ഓഫീസർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരുമായി യോജിച്ചു പ്രവർത്തിക്കണം. ഈ നിർദ്ദേശങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ കർശനമായി പാലിക്കണം.