മലപ്പുറം: ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളുടെ പങ്ക് പ്രശംസനീയമാണെന്നും സ്വകാര്യ ആശുപത്രിമേഖലയിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് അവരുടെ ചികിത്സാബില്ലടയ്ക്കാൻ നാലുമാസം വരെ സാവകാശം ലഭിക്കുന്ന രോഗീസൗഹൃദവായ്പാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ നടപ്പാക്കുന്ന അതിജീവനപദ്ധതി എന്ന നിലയ്ക്ക് സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ വകുപ്പിന്റെ അനുമതിയോടെ പദ്ധതി ആവിഷ്‌കരിച്ചത്. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ നടത്തിയ ഉദ്ഘാടനച്ചടങ്ങില്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി രേഖാ സമര്‍പ്പണം മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി. മുഹമ്മദ് അഷറഫ് നിര്‍വഹിച്ചു. സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാനും പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായ സി. ദിവാകരന്‍, കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. അനില്‍ എന്നിവര്‍ രേഖ ഏറ്റുവാങ്ങി. മെഡിക്കല്‍ സൂപ്രണ്ട് കെ. മോഹന്‍ദാസ്, ജനറല്‍മാനേജര്‍ എം. അബ്ദുന്നാസിര്‍ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി ഡയറക്ടറായ പി.കെ. സൈനബ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ സ്‌പീക്കര്‍ക്ക് കൈമാറി. ആശുപത്രി എക്‌സി.ഡയറക്ടര്‍ വി.ശശികുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഡോ. വി.യു. സീതി നന്ദിയും പറഞ്ഞു.