mithun-aathira

കോഴിക്കോട്: അവൾ കുഞ്ഞു കണ്ണുകൾ തുറന്നപ്പോൾ അച്ഛനില്ലാത്ത ലോകമാണ് ‌മുന്നിലെന്ന് അമ്മയും അറിഞ്ഞിരുന്നില്ല. അമ്മയുടെ പൊക്കിൾക്കൊടി ബന്ധത്തിൽ നിന്ന് അച്ഛന്റെ ലാളനയ്‌ക്കായി കൊതിച്ചെത്തിയ കുഞ്ഞുമാലാഖ. ഒന്നുമറിയാതെ അടുത്തുറങ്ങുന്ന അമ്മ മാത്രമാണ് ഇവൾക്കിനി കൂട്ട്.

ലോക്ക് ഡൗണിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ പരമോന്നത കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയ ആതിര ഇന്നലെ രാവിലെ പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ ഭർത്താവ് നിഥിൻ ഒന്നുമറിയാതെ വിധിക്കൊപ്പം മടങ്ങിയിരുന്നു. മകൾക്കായി പാടാൻ കാത്തുവച്ച താരാട്ടുപാട്ടുകൾ ഉള്ളിലൊതുക്കിയുള്ള ആ അച്ഛന്റെ മടക്കം മലയാളികൾക്കാകെ തീരാനൊമ്പരമായി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പിഞ്ചോമനയെ പിതൃസ്നേഹം കൊണ്ട് ലാളിക്കാൻ നിഥിൻ ഇനി വരില്ലെന്ന വിവരം ആതിര ഇപ്പോഴും അറിഞ്ഞിട്ടില്ല. ആ വേർപാട് ആതിരയോട് എങ്ങനെ പറയുമെന്നറിയാതെ വീർപ്പുമുട്ടുകയാണ് ഒരു നാട്.

നിഥിൻ മരിച്ച ദിവസം ആശുപത്രിയിൽ പരിശോധനയ്‌ക്ക് പോകാനാണെന്നു പറഞ്ഞ് ആതിരയുടെ മൊബൈൽ ഫോൺ ബന്ധുക്കൾ വാങ്ങിയിരുന്നു. വീട്ടിലെ ടി.വി പ്രവർത്തിപ്പിച്ചില്ല. വിവരമറിഞ്ഞ് നാട്ടുകാർ എത്താതിരിക്കാനും ശ്രദ്ധിച്ചു.

പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

2017 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം.

നിഥിന്റെ മൃതദേഹം

ഇന്നെത്തിക്കും

നിഥിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും.തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും.

ഷാർജയിലെ സ്വകാര്യ കമ്പനിയിൽ എൻജിനിയറായ നിഥിൻ ചന്ദ്രനെ (29) തിങ്കളാഴ്ച രാവിലെയാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് കാലത്ത് തങ്ങളെ സഹായിക്കാൻ ഓടിനടന്നിരുന്ന നിഥിന്റെ മരണം പ്രവാസികൾക്കെല്ലാം തീരാനഷ്ടവും വേദനയുമായി.