കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ ആറു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നെന്മേനി സ്വദേശികളായ 47 കാരിയും 22 കാരനും മഹാരാഷ്ട്രയിൽ നിന്ന് ജൂൺ നാലാം തീയതിയും, മേപ്പാടി ആനപ്പാറ സ്വദേശിയായ 27 കാരൻ ദുബായിൽ നിന്ന് മെയ് 28നും, മാനന്തവാടി സ്വദേശിയായ 42 കാരിയും വൈത്തിരി അച്ചൂരാനം സ്വദേശി 36 കാരിയും കുവൈത്തിൽനിന്ന് മെയ് 27നും ജില്ലയിലെത്തി വിവിധ സ്ഥാപനങ്ങളിലും, കൽപ്പറ്റ റാട്ടകൊല്ലി സ്വദേശി 30കാരൻ ബാംഗ്ലൂരിൽ നിന്ന് മെയ് 29ന് ജില്ലയിലെത്തി വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

പരിശോധനാഫലം പൊസിറ്റീവ് ആയതിനെ തുടർന്ന് ആറ് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ച് 21 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും 2 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.