കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയിൽ നിന്നും ഒരാൾ ഹൈദരാബാദിൽ നിന്നുമാണ് വന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുറ്റ്യാടി കാവിലുംപാറ സ്വദേശി (37), മണിയൂർ സ്വദേശിനി (28), കോട്ടൂളി സ്വദേശി (84), വയനാട് തലപ്പുഴ സ്വദേശി (55) എന്നിവരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 122 ആയി.
രോഗം സ്ഥിരീകരിച്ച വടകര സ്വദേശി ജൂൺ നാലിന് ചെന്നൈയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഓർക്കാട്ടേരി സ്വദേശി മേയ് 27 ന് ചെന്നൈയിൽ നിന്ന് വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കല്ലാച്ചി സ്വദേശിയായ യുവാവ് മേയ് 30ന് ദുബായ് നിന്ന് കരിപ്പൂരിലെത്തിയ ശേഷം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.ഇപ്പോൾ എഫ്.എൽ.ടി.സി.യിൽ ചികിത്സയിലാണ്.
ചേളന്നൂർ സ്വദേശിയായ യുവാവ് മേയ് 28ന് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്. വളയം സ്വദേശിയായ യുവാവ് ഹൈദരാബാദിൽ നിന്ന് ജൂൺ ആറിന് കൊച്ചിയിലെത്തി. അവിടെ നിന്ന് കണ്ണൂരിലെത്തി. അതിനിടെ രോഗ ലക്ഷണങ്ങൾ കാരണം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഓമശ്ശേരി വെളിമണ്ണ സ്വദേശി ജൂൺ അഞ്ചിനാണ് സൗദിയിൽ നിന്ന് കരിപ്പൂരിലെത്തിയത്. ലക്ഷണങ്ങളെ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി. വാണിമേൽ സ്വദേശിയായ യുവാവ് മേയ് 31ന് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ ശേഷംകൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്.
ജില്ലയിലെ കൊവിഡ് കണക്ക്
ജില്ലയിലെ ആകെ കൊവിഡ് രോഗികൾ- 122
രോഗമുക്തരായവർ- 47
പുതുതായി നിരീക്ഷണത്തിലായവർ- 860
ആകെ നിരീക്ഷണത്തിലുള്ളവർ- 8691
നിരീക്ഷണം പൂർത്തിയാക്കിയവർ- 34,928
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്- 155
മെഡിക്കൽ കോളേജിലുള്ളവർ- 94
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ളത്- 61
ഡിസ്ചാർജ്ജ് ആയവർ- 28
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 2544
നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 1252