മേപ്പാടി: കാലവർഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായി മേപ്പാടി അട്ടമല ഏറാട്ട്കുണ്ട് കാട്ടുപണിയ കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചു. ആറു കുടുംബങ്ങളിലായുളള 28 പേരെയാണ് അട്ടമലയിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.

മഴ കനക്കുന്നതോടെ പ്രദേശത്ത് മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനുമുളള സാധ്യത ഏറെയാണ്. അപകടമുണ്ടായാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനും പ്രയാസമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ മണ്ണിടിച്ചിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.

മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ടി.പി ഷാഹിദിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ട്രൈബൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണകിറ്റുകളും ഏർപ്പാടാക്കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും അടങ്ങിയ സംഘം കോളനിയിലെത്തിയത്. ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശം പാലിക്കണമെന്ന് അറിയിച്ചതോടെ കോളനിവാസികൾ മാറാൻ തയ്യാറായി.

ദുരന്തനിവാരണ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായി ഏർപ്പാടാക്കിയ മോക്ഡ്രില്ലിന്റെ ഭാഗമായാണ് ഇവരെ മാറ്റിയത്. ഡിവൈഎസ്.പി ടി.പി ജേക്കബ്, തഹസിൽദാർ ടി.പി ഹാരിസ്, സർക്കിൾ ഇൻസ്‌പെക്ടർ റജീന കെ.ജോസ്, കൽപ്പറ്റ ഫയർ ആന്റ് റസ്‌ക്യു സ്റ്റേഷൻ ഓഫീസർ കെ.എം ജോമി, ട്രൈബൽ സെൽ കോർഡിനേറ്റർ അക്ബർ അലി തുടങ്ങിയവർ മാറ്റിപാർപ്പിക്കലിന് നേതൃത്വം നൽകി.