പേരാമ്പ്ര: കുഞ്ഞു കൺമണിയെ കാണാനുള്ല മോഹം ഉള്ളിൽ താലോലിച്ചിരുന്ന നിഥിൻ ചന്ദ്രൻ ഇനി നിറചിരിയോടെ മടങ്ങിവരില്ലെന്ന് ഭാര്യ ആതിര ഇതുവരെ അറിഞ്ഞിട്ടില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിഥിനെയും കാത്ത് കൈക്കുഞ്ഞുമായി ഇരിക്കുന്ന ആതിര മലയാളികളുടെ നൊമ്പരമാണ്.
കഴിഞ്ഞദിവസം രാവിലെ നിഥിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നായിരുന്നു സിസേറിയൻ. 2017 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. നിഥിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.
സമൂഹിക രംഗത്ത് സജീവമായിരുന്ന നിധിൻ വിദേശത്തെത്തിയിട്ടും തന്റെ പ്രതിബദ്ധത മറിന്നില്ല. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്ക് കുവൈത്തിൽ നിന്ന് പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ച് നിഥിൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നാട്ടിലെത്താനുള്ള ഒരുക്കത്തിനിടെയാണ് നിധിനെ മരണം തട്ടിയെടുത്തത്.
കെ. മുരളീധരൻ എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എൻ.കെ. വത്സൻ, മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ നിഥിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.