കോഴിക്കോട്: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വീടും പരിസരവും വൃത്തിയാക്കുന്നതിനുമായി കുടുംബശ്രീ നടപ്പാക്കുന്ന ശുചിത്വ ചങ്ങലയുടെ ബ്ലോക്ക് തല ഉദ്ഘാടനം കൊടുവള്ളിയിൽ കാരാട്ട് റസാഖ് എം .എൽ. എ നിർവഹിച്ചു. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനും ഏക്സാത് പരിശീലന കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മുഴുവൻ ഭവനങ്ങളിലും ശുചിത്വ സന്ദേശം എത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം. ശുചിത്വ ചങ്ങലയിൽ പങ്കെടുക്കുന്നവർ രണ്ട് പേരെ കൂടി ചാലഞ്ച് ചെയ്ത് ചങ്ങലയുടെ ഭാഗമാക്കും.
സ്വന്തം വീടിന്റെ പരിസരം വൃത്തിയാക്കിയാണ് എം. എൽ. എ ചങ്ങലയുടെ ഭാഗമായത്. തുടർന്ന് പി .ടി. എ റഹിം എം. എൽ. എയുടെ ഭാര്യയും നഗരസഭാ കൗൺസിലറുമായ സുബൈദ റഹിമിനെയും നഗരസഭ കൗൺസിലർ കളത്തിൽ ജമീലയെയും ചങ്ങലയുടെ ഭാഗമാവാൻ എം.എൽ.എ ചലാഞ്ച് ചെയ്തു. ജില്ലാ മിഷന്റെ മുത്തശ്ശൻ - മുത്തശ്ശി മരം പദ്ധതിയുടെ ഭാഗമായി പേരക്കുട്ടിക്ക് എം. എൽ. എ കൈമാറി. കൗൺസിലർമാരായ ഇ .സി. മുഹമ്മദ്, കളത്തിൽ ജമീല, സുബൈദ റഹീം, സി. ഡി. എസ് ചെയർപേഴ്സൺ പി.സി .വിമല, സി. ഡി.എസ് മെമ്പർ സജില, മെമ്പർ സെക്രട്ടറി സജികുമാർ, സിറ്റി മിഷൻ മാനേജർ എം. പി. മുനീർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സുഫൈൽ, നീന, അക്കൗണ്ടന്റുമാരായ ഹിമ, ശോഭേഷ് തുടങ്ങിയവർ പങ്കെടുത്തു.