കോഴിക്കോട്: കുട്ടികളുടെ ഓൺലൈൻ പഠനത്തിന് നേതൃത്വം നൽകാൻ അദ്ധ്യാപക സാന്നിദ്ധ്യം ആവശ്യമായതിനാൽ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മാർച്ച മുതൽ സർക്കാർ നിർദ്ദേശിച്ച കൊവിഡ് ഡ്യൂട്ടി അദ്ധ്യാപകർ നിർവഹിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കാൻ സമയമെടുക്കുന്നത് കൊണ്ട് കഴിഞ്ഞ വർഷത്തെ ആറാംദിന കണക്കെടുപ്പ് പ്രകാരം അദ്ധ്യാപക തസ്തിക അനുവദിക്കണം. പാഠ പുസ്തകം ഭൂരിപക്ഷം കുട്ടികൾക്കും ലഭ്യമാക്കിയിട്ടില്ല. ഓൺലൈൻ ക്ലാസിന്റെ അനാവശ്യ വിവര ശേഖരണം അധ്യാപകരെ സമ്മർദ്ദത്തിലാക്കുകയാണ്. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല വാവൂർ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ്ഷീ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ സ്വാഗതം പറഞ്ഞു.