വടകര: ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ വിലയിലെ റേഷൻ അരിക്ക് വേണ്ടി കാത്തിരിപ്പ് തുടരുന്നു. മേയ് മാസത്തെ റേഷനു പുറമെ നീല കാർഡുകാർക്ക് 15 രൂപ നിരക്കിൽ പത്ത് കിലോ അരി വിതരണം തുടങ്ങിയിരുന്നു. ഇത് ചില കാർഡുടമകൾക്ക് 5 കിലോ പുഴുക്കലരി നല്കി 5 കിലോ പച്ചരി എത്തുന്ന മുറക്ക് ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ മാസാവസാനം ചിലർക്ക് പുഴുക്കലരി തന്നെ കൊടുത്തു. വിവരം അറിയാത്തവർ 15 രൂപ നിരക്കിലെ 5 കിലോ അരി എത്തുന്നത് കാത്തിരിപ്പാണ്. കാര്യം അന്വേഷിക്കുന്നവരോട് പച്ചരി എത്തിയില്ലെന്നും മാസം കഴിഞ്ഞില്ലേ എന്നുമാണ് കടക്കാരന്റെ മറുപടി. എത്ര പേർക്ക് പാതി അരി കൊടുക്കാനുണ്ടെന്ന് പുതിയ സംവിധാനത്തിൽ അറിയില്ലെന്നും റേഷൻ ഷാപ്പ് നടത്തിപ്പുകാരൻ പറയുന്നു. കാർഡ് നിറം മാറിയ കാരണത്താൽ സർക്കാർ സഹായങ്ങൾ നിഷേധിക്കുന്നതിനിടെയാണ് റേഷൻ വിതരണത്തിലെ പാകപ്പിഴ. വടകര താലൂക്ക് സപ്ലൈ ഓഫീസർക്കും വ്യക്തമായ മറുപടിയില്ലെന്നാണ് കാർഡ് ഉടമകൾ പറയുന്നത്.