abdul

പരപ്പനങ്ങാടി: ചാപ്പപ്പടി കടപ്പുറത്തു തിങ്കളാഴ്ച വൈകിട്ട് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒട്ടുമ്മൽ ബിച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകൻ അബ്ദുൽമുസാരിനെയാണ് (14) കൂട്ടുകരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കാണാതായത്. ചൊവ്വാഴ്ച രാവിലെ പുത്തൻ കടപ്പുറം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൂട്ടുകാരായ മറ്റു അഞ്ചു പേർക്കൊപ്പം കുളിക്കാനിറങ്ങിയ അബ്ദുൽ മുസാരി പെട്ടെന്നുണ്ടായ വലിയ തിരയിൽ പെടുകയായിരുന്നു. മറ്റു കുട്ടികൾ നീന്തി രക്ഷപ്പെട്ടെങ്കിലും അബ്ദുൽ മുസാരിക്കു രക്ഷപ്പെടാനായില്ല. കൂട്ടത്തിൽപെട്ട മറ്റൊരു കുട്ടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മത്സ്യത്തൊഴിലാളികളായ നാട്ടുകാരും പൊലീസും തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്​സ് അംഗങ്ങളും രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച പുലർച്ചെ വീണ്ടും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഹൈറുന്നിസ, സഹോരങ്ങൾ: റസ്​നാ ബാനു, സിബ്​നാ ബാനു.