കോഴിക്കോട്: മോടി കുറയുമെന്ന പേടി വേണ്ട, വധൂവരൻമാർക്കിനി മനസിന് ഇണങ്ങിയ മാസ്കുകൾ അണിഞ്ഞ് വിവാഹ പന്തലിലെത്താം. അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി വരുന്ന മണവാട്ടിയുടെ മുഖാവരണം മാറ്ര് കുറച്ചപ്പോൾ കോഴിക്കോട്ടെ ഡിസൈനറായ ഷെമിന നാസിറും സുഹൃത്ത് നിജിന അഷിറും ചേർന്നൊരുക്കിയ ബ്രൈഡൽ മാസ്‌ക്കുകളാണ് ഇപ്പോൾ വിപണിയിലെ താരം.
വിവാഹാഘോഷങ്ങൾക്ക് വേണ്ടി സിൽക്കിൽ നിർമ്മിച്ചതാണ് ബ്രൈഡൽ മാസ്‌കുകൾ. വധൂവരൻമാരുടെ വസ്ത്രത്തിന് ഇണങ്ങും വിധത്തിലാണ് മാസ്‌കിന്റെ രൂപകൽപ്പന. ബ്രീത്തബിൾ ആയിട്ടുളള ലെെറ്റ് വെയിറ്ര് കോട്ടനും സിൽക്കും ഉപയോഗിച്ച് നാല് ലെയറുകളായാണ് നിർമ്മാണം. പുറമെ സിൽക്കും അകത്ത് മൂന്ന് ലെയറുകളിലായി കോട്ടണും. ധരിച്ചാൽ വിയർപ്പോ ചൊറിച്ചിലോ അനുഭവപ്പെടില്ല. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് ഡിസൈൻ ചെയ്തു കൊടുക്കും.
വധുവിൽ നിന്ന് അൽപം ലളിതമാണ് വരനായി ഡിസൈൻ ചെയ്യുന്ന മാസ്കുകൾ. ഗോൾഡൻ ത്രഡ് വർക്ക്, ഗോൾഡൻ ഷെയ്ഡ് വർക്ക് എന്നിവ ഒരു ഭാഗത്ത് മാത്രം. വധുവിനായി തയ്യാറാക്കുന്ന മാസ്‌കുകളിൽ സ്വർണ നിറത്തിലുള്ള ഡിസൈനുകളും മുത്തുകളും ലെയിസുകളുമുണ്ട്. കൈകൊണ്ട് നിർമ്മിക്കുന്നതാണ് സിൽക്ക് മാസ്‌കുകൾ എന്നതാണ് മറ്റൊരു പ്രത്യേകത. 399 രൂപ മുതൽ 1000 രൂപ വരെയാണ് വില.
@ താരമായി ഫ്ലോറൽ മാസ്കുകൾ
വധൂവരൻമാർക്കല്ലാതെ സാധാരണ ഉപയോഗത്തിനുള്ള മാസ്കുകളും ഇവരുടെ പക്കലുണ്ട്. കോട്ടൻ മെറ്റീരിയലിൽ ഫ്ലോറൽ വർക്കുകൾ വരുന്ന സാധാരണ മാസ്കുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ. കഴുകി ഉപയോഗിക്കാൻ പറ്റുന്ന ഇത്തരം മാസ്കുകൾക്ക് 80 രൂപയാണ് വില.
'ഡിസെെൻ ബ്രെെഡൽ മാസ്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇൻസ്റ്റഗ്രാമിലെ സ്റ്റോറികൾ കണ്ടിട്ടാണ് ഓൺലെെൻ ഓഡറുകൾ കൂടുതലായും ലഭിക്കുന്നത്.
സൗത്ത് ബീച്ചിലെ ഷെമി ബൂട്ടിക്കിൽ വസ്ത്രങ്ങൾ തുന്നാനായി എത്തുന്ന എല്ലാവർക്കും ബാക്കി വന്ന തുണിയിൽ മാസ്‌കുകളും നിർമ്മിച്ച് നൽകുന്നു'- ഷെമീന നാസിർ