#ടെലി മെഡിസിൻ കൺസൾട്ടേഷന് തുടക്കം
കോഴിക്കോട്: വീട്ടിലിരുന്ന് ഡോക്ടറുമായി രോഗവിവരം കൈമാറാൻ കഴിയുന്ന ടെലി മെഡിസിൻ കൺസൾട്ടേഷന് തുടക്കം. സിഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത ഇ- പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് യോജിച്ച വിധം മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രെയൽ റണ്ണിന് ശേഷമാണ് ടെലി മെഡിസിന് തുടക്കമാകുന്നത്.
@ഇ-സഞ്ജീവനി
വ്യക്തി സൗഹൃദ ടെലി മെഡിസിൻ കൺസൾട്ടേഷനായ ഇ-സഞ്ജീവനി രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ.പി സംവിധാനമാണ്. ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. വ്യക്തികളുടെ മെഡിക്കൽ അനുബന്ധരേഖകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടർക്ക് ലഭിക്കും. വ്യക്തികൾക്ക് ആരോഗ്യ സംബന്ധമായ കൂടുതൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ അതും പോർട്ടലിൽ രേഖപ്പെടുത്താനും ചികിത്സ നൽകാനുമുള്ള സൗകര്യമുണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് ഇ-സേവനം നൽകുന്നത്. ഇതിലൂടെ കൊവിഡ് കാലത്തെ യാത്രകൾ ഒഴിവാക്കാനും ആശുപത്രിയിൽ പോകാതെ ചികിത്സ തേടാനും സാധിക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്കും ഈ സംരംഭം ഉപയോഗപ്പെടുത്താം.
#ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ ഉണ്ടായിരിക്കണം
#esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തശേഷം സേവനം ഉപയോഗിക്കാം
#വീഡിയോകോൺഫറൻസ് വഴി ഡോക്ടറോട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം
#ഓൺലൈൻ കൺസൾട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം
#രാവിലെ 8 മുതൽ രാത്രി 8 മണി വരെ ഒ.പി പ്രവർത്തിക്കുക.
@ദിശയിൽ വിളിക്കാം
ദിശകോൾ സെന്ററിന്റെ സഹകരണത്തോടെ ആരോഗ്യകേരളത്തിന്റെ 7 മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ പരിശീലനം ലഭിച്ച 32 സർക്കാർ ഡോക്ടർമാരാണ് ആദ്യഘട്ടത്തിൽ സേവനം നൽകുക. എല്ലാ ആശുപത്രികളിലേക്കും ഇ- ടെലി കൺസൾട്ടേഷൻ സംവിധാനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
"കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കൺസൾട്ടേഷൻ തുടങ്ങിയത്. ജീവിതശൈലീ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സതേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ കൃത്യമായി ലഭിക്കുന്നുവെന്നും നിയന്ത്രണ വിധേയമാണെന്നും ഉറപ്പ് വരുത്താൻ എല്ലാവരും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്" -മന്ത്രി കെ.കെ. ശൈലജ