കോഴിക്കോട്: കടിഞ്ഞൂൽ കൺമണിയെ വാരിപ്പുണരാൻ കടൽ കടന്ന് പറന്നെത്തുന്ന പ്രിയതമനെ കാത്തിരുന്ന ആതിരയ്ക്ക് അവസാനം കാണേണ്ടി വന്നത് ചേതനയറ്റ ആ മുഖം. തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് യാത്രയായ നിഥിൻ ചന്ദ്രന് കണ്ണീർ വറ്റിയ കണ്ണുകളും വിങ്ങലടങ്ങാത്ത മനസുമായി വിട നൽകേണ്ട ദുർവിധി.

നിഥിന്റെ ഭൗതിക ദേഹം ആംബുലൻസിൽ ആശുപത്രി മുറ്റത്തെത്തി...പ്രിയനെ അവസാനമായി കാണാൻ ആതിരയെ വീൽ ചെയറിൽ എത്തിച്ചു. ഏതാനും നിമിഷങ്ങൾ മാത്രം. മനസ് തകർന്ന്,​ കണ്ണീർ കാഴ്ച മറച്ചു. ആംബുലൻസ് അവ്യക്തമായി അകന്നുപോയി....

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം പങ്കിടേണ്ട സമയത്ത്, പ്രിയതമനെ വിധി കവർന്നെന്ന സത്യം ആതിര അറിയുന്നത് ഇന്നലെ രാവിലെ മൃതദേഹം കേരളത്തിൽ എത്തിച്ച ശേഷം മാത്രം. നിഥിൻ വിളിച്ചില്ലല്ലോ എന്ന് ആതിര നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മുമ്പ് മാത്രം സിസേറിയന് വിധേയയായ ആതിരയെ ഏറെ പ്രയാസപ്പെട്ടാണ് വീട്ടുകാരും ഡോക്ടർമാരും കാര്യം ധരിപ്പിച്ചത്. ആ സത്യവുമായി പൊരുത്തപ്പെടാനാവാതെ ആതിര നിലവിളിച്ചു. കുഞ്ഞിന്റെ കാര്യം പറഞ്ഞ് ആശ്വസിപ്പിക്കാൻ ഉറ്റവർ പാടുപെടുകയായിരുന്നു. നേരത്തെ, നിഥിന് അസുഖമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ആതിര കുഴഞ്ഞുവീണിരുന്നു. അതോടെയാണ് ജൂലായ് ആദ്യം നടക്കേണ്ട പ്രസവം വേഗത്തിൽ സിസേറിയൻ വഴിയാക്കിയത്.

ഇന്നലെ വെളുപ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച നിഥിൻ ചന്ദ്രന്റെ മൃതദേഹം ആതിര പ്രസവിച്ചു കിടക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് 10. 50നാണ് കൊണ്ടുവന്നത്. ആതിരയെ ആംബുലൻസിനടുത്തേക്ക് വീൽ ചെയറിൽ എത്തിച്ചപ്പോൾ കൂടി നിന്നവർക്കും തേങ്ങലടക്കാനായില്ല. നിമിഷങ്ങളേ അവിടെ നിറുത്തിയുള്ളൂ. പിന്നീട് പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

ലോക്ക് ഡൗണിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ സുപ്രീംകോടതിയെ സമീപിച്ചതോടെ വാർത്തകളിൽ നിറയുകയായിരുന്നു ആതിര - നിഥിൻ ദമ്പതികൾ.

മേയ് എട്ടിന് വന്ദേ ഭാരത് മിഷനിലെ ആദ്യവിമാനത്തിൽ ആതിരയ്ക്ക് നാട്ടിലേക്ക് വരാൻ കഴിഞ്ഞു. ഭാര്യയ്ക്കൊപ്പം നിഥിനും നാട്ടിലേക്ക് വരാൻ അവസരം കിട്ടിയതാണെങ്കിലും ആ സീറ്റ് മറ്റൊരാൾക്ക് നൽകുകയായിരുന്നു. ആതിരയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പിൽ എം.എൽ.എ യാണ് എടുത്തു നൽകിയത്. അത് സ്വീകരിച്ച നിഥിനും ആതിരയും മറ്റു രണ്ടു പേർക്ക് ടിക്കറ്റ് എടുത്തുനൽകിയിരുന്നു.