കോഴിക്കോട്: പൂനൂർ പുഴ ശുചീകരണ പദ്ധതിയുടെ മറവിൽ വൻ തോതിൽ അഴിമതി നടക്കുന്നതായി കട്ടിപ്പാറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി. പഞ്ചായത്ത് 2020-21 എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡിലെ ചീടിക്കുഴി മുതൽ 11ാം വാർഡിലെ കോളിക്കൽ വരെ അഞ്ച് വാർഡുകളിലൂടെ ഒഴുകുന്ന പുഴ ശുചീകരിക്കാനുള്ള പദ്ധതിയിൽ നിന്ന് യു.ഡി.എഫ് മെമ്പറുടെ വാർഡ് ഒഴിവാക്കിയതായും നേതാക്കൾ ആരോപിച്ചു. പുഴയിൽ നിന്ന് മണൽ, മരങ്ങൾ തുടങ്ങിയവ ഭരണകക്ഷിയുടെ സ്വാധീനത്തിൽ കടത്തിക്കൊണ്ടു പോവുകയാണ്. 39 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി നടത്തുന്ന അഴിമതിക്കെതിരേ യു.ഡി.എഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യു.ഡി.എഫ് നേതാക്കളായ അനിൽ ജോർജ്, മുഹമ്മദ് മോയത്ത്, പ്രേംജി ജയിംസ്, ഹാരിസ് അമ്പായത്തോട്, മുഹമ്മദ് ഷാഹിം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.