#നീന്തൽക്കുളത്തിൽ മരിച്ച പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: മലപ്പുറത്ത് വീട്ടിലെ നീന്തൽക്കുളത്തിൽ പന്ത്രണ്ടുകാരന്റെ മരണത്തിനിടയാക്കിയത് തലച്ചോറിനെ ബാധിച്ച ഗുരുതര രോഗമായ അമീബിക് മസ്തിഷ്ക ജ്വരം. നട്ടെല്ലിൽ നടത്തിയ ബ്രെയിൻ ഫ്ലൂയിഡ് ടെസ്റ്റിൽ രോഗം 'പ്രൈമറി അമീബിക് മെനിംഗോ എൻസഫലൈറ്റിസ് ' (പി.എ.എം) സ്ഥിരീകരിക്കുകയായിരുന്നു. തലച്ചോറിനെ കാർന്നു തിന്നുന്ന അമീബ എന്നു വിളിപ്പേരുള്ള 'നെഗ്ലേറിയ ഫൗളേറി' വഴിയാണ് ഈ രോഗം ബാധിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 15 പേർക്കു മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ ദിവസം മരിച്ച കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. നാലുവർഷം മുമ്പ് ആലപ്പുഴയിൽ പതിനാറുകാരനും ഒരു വർഷം മുമ്പ് പെരിന്തൽമണ്ണയിൽ പത്തു വയസ്സുകാരിയും മരിച്ചിരുന്നു. തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട ബാലന്റെ നില പെട്ടെന്ന് വഷളായതും നീന്തൽക്കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചതുമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരിൽ സംശയം ജനിപ്പിച്ചത്. അമീബ പെരുകി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുകയെന്ന് രോഗം നിർണയിച്ച സംഘത്തിലെ ഡോക്ടർമാർ പറഞ്ഞു.
@അമീബയുടെ സവിശേഷത
#അമീബ വെള്ളത്തിൽ അധികം കാണപ്പെടാറില്ല
#ഒഴുകുന്ന വെള്ളത്തിലും ഉപ്പുവെള്ളത്തിലും തീരെ ഉണ്ടാവില്ല
#മലിനജലം, നദികൾ, വൃത്തിയാക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയിൽ സാധ്യത
#ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു ക്ലോറിനേഷൻ പ്രതിവിധി
# വെള്ളത്തിലുണ്ടെങ്കിലും രോഗ സാധ്യത വളരെ കുറവ്
'വെള്ളത്തിൽ കൂടുതൽ നേരം കളിച്ചാൽ മാത്രമേ രോഗം വരാൻ സാധ്യതയുള്ളൂ. അമീബയുള്ള വെള്ളം കുടിച്ചാലും രോഗബാധയുണ്ടാവില്ല. വെള്ളം മൂക്കിലൂടെ തലയിൽ എത്തിയാലാണ് പ്രശ്‌നം. ഈ രോഗം പകരില്ല. -ഡോ.മായാ സുധാകരൻ