സുൽത്താൻ ബത്തേരി: പുഴകളിൽ മണൽ നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന്നും പ്രളയത്തിനും കാരണമെന്ന വിചിത്ര ന്യായം കണ്ടു പിടിച്ച് വയനാട്ടിലെ പുഴകളിൽ നിന്ന് മണലൂറ്റാൻ ജില്ലാകലക്ടർ പഞ്ചായത്തുകൾക്ക് നൽകിയ നിർദ്ദേശം നിയമവിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രളയത്തിന്ന് കാരണം പുഴകളിൽ മണൽ നിറഞ്ഞതല്ല. വിവേകരഹിതമായ മരം മുറിയും റിസോർട്ട് നിർമ്മാണവും ടൂറിസവും കരിങ്കൽ ക്വാറികളും മൂലം മലയടിച്ചിലും വെള്ളപ്പാച്ചിലുമുണ്ടായതും ഉരുൾപൊട്ടുന്നതും നെൽവയൽ നികത്തലുമാണ് പ്രളയത്തിന്റെ മുഖ്യ കാരണം. ബാണാസുര സാഗർ അണക്കെട്ടും വയനാട്ടിലെ മിന്നൽ പ്രളയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അമിതമായ മണലൂറ്റൽ മൂലം പുഴത്തീരങ്ങൾ ഇടിഞ്ഞ് പോകുന്നത് മറ്റൊരു കാരണമാണ്.
കബനിയിലെയും കൈവഴികളിലെയും മണൽ ഓഡിറ്റ് 2014ൽ നടന്നിട്ടുണ്ട്. ഒരു കാരണത്താലും മണൽ ഊറ്റരുതെന്നാണ് വിദഗ്ദ കമ്മറ്റിയുടെ നിർദ്ദേശം. കേരളത്തി മണൽ ഖനനത്തിന്ന് വ്യക്തമായ നിയമവും ചട്ടങ്ങളും സംവിധാനങ്ങളും നിലവിലുണ്ട്. സാന്റ് ഓഡിറ്റിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള മണൽഖനനം നിയമവിരുദ്ധമാണ്.
പുഴകളിൽ കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞ ചളി, മരത്തടികൾ, എക്കലുകൾ, പാറക്കഷണങ്ങൾ തുടങ്ങിയവയവ മാറ്റി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം.
സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. തോമസ്സ് അമ്പലവയൽ, എൻ.ബാദുഷ, ബാബു മൈലമ്പാടി, എ.വി.മനോജ്, പി.എം.സുരേഷ്, ഗോപാലകൃഷണൻ മൂലങ്കാവ് എന്നിവർ പ്രസംഗിച്ചു.