കോഴിക്കോട് : കൊവിഡ് -19നെ ചെറുക്കാൻ ഹാൻഡ് വാഷ് നിർമ്മിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾ. കാലിക്കറ്റ് സർവകലാശാലാ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ഹാൻഡ് വാഷ് വിതരണത്തിനായി തയ്യാറാക്കിയത്. എബിലിറ്റി ഹൈജിൻ എന്ന ബ്രാൻഡിൽ നിർമ്മിച്ച ഹാൻഡ് വാഷ് മൂന്ന് സുഗന്ധങ്ങളിലായി പൊതുവിപണിയിൽ ലഭിക്കും.
പ്രതിദിനം 500 ബോട്ടിലുകൾ ഇവർ തയ്യാറാക്കുന്നുണ്ട്. ഉത്പ്പാദനവും വിതരണവും പൂർണ്ണമായും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ തന്നെയാണ്. കേരള സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സർവകലാശാലാ മനഃശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഹാൻഡ് വാഷ് നിർമ്മാണം. സർവകലാശാലയിൽ ചായയും പലഹാരവും വിൽപ്പന നടത്തുന്ന എബിലിറ്റി കഫേയുടെ അഞ്ച് കേന്ദ്രങ്ങളും ഭിന്നശേഷി വിദ്യാർത്ഥികൾ നടത്തുന്നുണ്ട്.
രജിസ്ട്രാർ ഡോ.സി.എൽ.ജോഷി ഹാൻഡ് വാഷ് വിതരണം ഉദ്ഘാടനം ചെയ്തു. സി.ഡി.എം.ആർ.പി ഡയറക്ടർ ഡോ.കെ.മണികണ്ഠൻ, ജോയിന്റ് ഡയറക്ടർ പി.കെ.റഹീമുദ്ദീൻ, സി.ഡി.എം.ആർ.പി. വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ആവശ്യക്കാർക്ക് 8943682152 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഡോ.കെ.മണികണ്ഠൻ അറിയിച്ചു.