കടലുണ്ടി: പിതാവിന്റെ മരണാന്തര ചടങ്ങിനായി മാറ്റിവെച്ച തുക പാലിയേറ്റിവിന് നൽകി മകന്റെ വേറിട്ട മാതൃക. കടലുണ്ടി പ്രബോധിനിക്ക് സമീപം പാലക്കൽ വൈഷ്ണവിൽ താമസിക്കുന്ന ജയചന്ദ്രനാണ് അച്ഛൻ പാലക്കൽ കുഞ്ഞുണ്ണി നായരുടെ പതിനാറ് അടിയന്തിരത്തിനായി മാറ്റിവെച്ച തുക കടലുണ്ടി നവധാര പാലിയേറ്റീവ് സെന്ററിന് കൈമാറിയത്. രോഗികൾക്ക് ആവശ്യമായ മരുന്നും കട്ടിൽ, കിടക്ക, എയർ ബഡ് എന്നിവയും നൽകി. നവധാരയിൽ നടന്ന ചടങ്ങിൽ പി.ജയചന്ദ്രനിൽ നിന്ന് പാലിയേറ്റീവ് ടെക്നിക്കൽ ഡയറക്ടർ ഡോ.രവീന്ദ്രൻ ചോഴക്കാട് ഏറ്റുവാങ്ങി. സെക്രട്ടറി കെ.മുരളീധര ഗോപൻ, രാജേഷ് മാപ്പോലി, എ.വി.ജയശ്രീ, ഷൈജു പാലക്കര, പി.അർജ്ജുൻ, പി.വിഷ്ണു, ചീഫ് കോ ഓർഡിനേറ്റർ ഉദയൻ കാർക്കോളി എന്നിവർ പങ്കെടുത്തു.