കോഴിക്കോട്: ചെക്ക് കേസ് പറഞ്ഞുതീർക്കാൻ തയ്യാറാവാത്തതിന്റെ പേരിൽ വ്യാജപരാതി സൃഷ്ടിച്ച് പ്രതികാരത്തിനു മുതിർന്നുവെന്ന കേസിൽ എലത്തൂർ സി.ഐ കെ.കെ. ബിജു ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് ഹർജിക്കാരന് അഞ്ചു ലക്ഷം രൂപ നൽകാൻ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്‌ജ് അനന്തകൃഷ്ണ നാവട ഉത്തരവായി. സർക്കാരിനു പുറമെ എസ്.ഐ. കബീർ, എ.എസ്.ഐ. പി.ബാബുരാജ്, എന്നിവരാണ് മറ്റു എതിർകക്ഷികൾ. നഷ്ടപരിഹാരത്തുകയ്ക്ക് 6 ശതമാനം പലിശയും കോടതി ചെലവും കൂടി നൽകണമെന്നും ഉത്തരവിലുണ്ട്.
കോഴിക്കോട് ഡി.സി.സി ഭാരവാഹി ഷാജിർ അറാഫത്താണ് പരാതിക്കാരൻ. ഷാജിർ അറാഫത്തിന്റെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് 2008ൽ ഉമേഷ് ചെക്ക് നൽകി കമ്പ്യൂട്ടർ വാങ്ങിയ ശേഷം ചെക്ക് മടങ്ങിയതോടെ കേസ്സാവുകയായിരുന്നു. കോടതിയിലുള്ള ചെക്ക് കേസ് പറഞ്ഞു തീർക്കാൻ സി.ഐ കെ.കെ ബിജു ആവശ്യപ്പെട്ടപ്പോൾ നിരസിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാൻ തനിക്കെതിരേ വ്യാജപരാതി സൃഷ്ടിച്ച് കേസെടുക്കുകയായിരുന്നുവെന്ന് ഷാജിർ അറാഫത്ത് ഹർജിയിൽ ആരോപിച്ചു. അതിനിടയ്ക്ക് തന്റെ സ്‌കോഡ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് അതിന് നാശനഷ്ടം വരുത്തി. കേസ് പരിഗണിച്ച കോടതി ഹർജിക്കാരന് അനുകൂലമായി ഉത്തരവിടുകയായിരുന്നു.