കൽപ്പറ്റ: 2018-2019 ലെ കാലവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് 3.3 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുളള നടപടികൾ പൂർത്തിയായതായി കൽപ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൃഷിനാശം സംഭവിച്ച 918 കർഷകർക്ക് ലഭിക്കാൻ ബാക്കിയുണ്ടായിരുന്ന സംസ്ഥാന സർക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിപ്രകാരമുള്ള 1,59,12,567 രൂപയും സംസ്ഥാന സർക്കാരിന്റെ വിള ഇൻഷൂറൻസ് പദ്ധതി പ്രകാരം 335 കർഷകർക്കായി 1,71,46,600 രൂപയുമാണ് വിതരണം ചെയ്യുന്നത്. കർഷരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുക. കൽപ്പറ്റ കൃഷി അസിസ്റ്റന്റ് ഓഫീസിനു കീഴിലുള്ള 10 കൃഷി ഭവനുകളുടെ പരിധിയിൽപ്പെട്ട കർഷകർക്കാണ് ധനസഹായം ലഭിക്കുക. 2019 മാർച്ച് 31 വരെയുള്ള കൃഷിനാശത്തിനുള്ള നഷ്ട പരിഹാരമാണ് നിലവിൽ പൂർണ്ണമായും വിതരണം ചെയ്യുന്നത്. വിള ഇൻഷൂറൻസിൽ ചേർന്ന കർഷകരിൽ 2019 ആഗസ്റ്റ് മാസം വരെ കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരമാണ് വിതരണം ചെയ്യുന്നത്. നഷ്ടപരിഹാര തുക ജൂൺ 20 നു മുമ്പായി കർഷരുടെ അക്കൗണ്ടിൽ എത്തും.

2019 ഏപ്രിൽ മുതലുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരമാണ് ഇനി ലഭിക്കാൻ ബാക്കിയുള്ളത്. 2019 ജൂൺ മാസം മുതൽ സ്മാർട്ട് എന്ന അംഗീകൃത സോെ്രഫ്ര്വയർ വഴിയാണ് പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതും നഷ്ടപരിഹാരം ശുപാർശ ചെയ്യുന്നതും. അതിനാൽ അനുബന്ധരേഖകളായ നികുതിരസീത്, എഗ്രിമെന്റ്, കൃഷിനാശം തെളിയിക്കുന്ന ഫോട്ടോകൾ, വീഡിയോ തുടങ്ങിയവ സ്മാർട്ട് വഴി അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.


ഇ പാഠശാല
15 നകം പഠന കേന്ദ്രങ്ങൾ സജ്ജമാകും
കൽപ്പറ്റ: കൈറ്റ് വിക്‌റ്റേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസ്സുകൾ കൽപ്പറ്റ മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജൂണ് 15 നകം ലഭ്യമാകും. ക്ലാസുകൾ ലഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഈ പാഠശാല അവലോകന യോഗം വിലയിരുത്തി. വൈത്തിരി താലൂക്കിലെ പൊതു ഗ്രന്ഥശാലകളും ഓൺലൈൻ പഠന കേന്ദ്രങ്ങളാവും. താലൂക്കിലെ 60 ലൈബ്രറികളിൽ 41 എണ്ണത്തിലും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി യോഗം വിലയിരുത്തി. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കേന്ദ്രങ്ങളിൽ വൈദ്യുതി നൽകുന്നതിന് കെ.എസ്.ഇ.ബിയുടെ സഹകരണം തേടും. കേബിൾ കണക്ഷൻ സൗജന്യമായി നൽകാൻ കേബിൾ ടി വി ഓപ്പറേറ്റർമാർ സന്നദ്ധമാണെന്നും യോഗത്തെ അറിയിച്ചു. മണ്ഡലത്തിൽ ആകെയുള്ള മുപ്പത്തിനാലായിരം വിദ്യാർത്ഥികളിൽ 217 പൊതുകേന്ദ്രങ്ങളിലായി 2579 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനുള്ള സൗകര്യം ലഭ്യമല്ല. ഈ കേന്ദ്രങ്ങളിൽ 203 ഇടങ്ങളിൽ ടെലിവിഷനും കേബിൾ കണക്ഷനും, 4 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് കണക്ഷനും 56 കേന്ദ്രങ്ങളിൽ വൈദ്യുതി കണക്ഷനും ആവശ്യമാണ്. പൊതു ഇടങ്ങളിലേക്ക് ആവശ്യമായ ടെലിവിഷനുകൾ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ മഖേന സ്‌പോൺസർഷിപ് വഴി സ്വരൂപിക്കും. ഇത്തരത്തിൽ സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ കൽപ്പറ്റ എം.എൽ.എ ഓഫീസുമായോ, എസ് എസ് കെ യുമായോ ബന്ധപ്പെടാം.
ഓരോ പഠനകേന്ദ്രത്തിന്റെയും സുഗമമായ നടത്തിപ്പിനായി അതാത് കേന്ദ്രങ്ങളിൽ ഉപദേശക സമിതികൾ രൂപികരിക്കും.കുടുംബശ്രീ അനിമേറ്റർമാർ, ഗ്രന്ഥശാല പ്രവർത്തകർ, വിദ്യാ വളണ്ടിയർമാർ, അംഗൻവാടി ടീച്ചർമാർ, പ്രദേശത്തെ സ്‌കൂൾ അധ്യാപകർ, പൊതു പ്രവർത്തകർ, ട്രൈബൽ പ്രമോട്ടർമാർ, മെന്റർ ടീച്ചർമാർ, എന്നിവർ ഉപദേശക സമിതിയിലെ അംഗങ്ങളായിരിക്കും. പൊതു കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സാധ്യമായ ഇടങ്ങളിൽ ഭക്ഷണം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ആദിവാസി വിദ്യാർത്ഥികളെ പൊതു കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് ഗോത്ര സാരഥി പദ്ധതി ഉപയോഗപെടുത്തും. പൊതു കേന്ദ്രങ്ങളിൽ ഫർണിച്ചറുകൾ, ശൗചാലയ സൗകര്യം, മാസ്‌ക്ക്, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉപദേശക സമിതി ഉറപ്പ് വരുത്തും.

കർഷക പെൻഷൻ
മസ്റ്ററിങ്ങ് നടത്താം
കൽപ്പറ്റ: കർഷക പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന കർഷകരിൽ അക്ഷയ സെന്ററുകൾ വഴി മസ്റ്ററിങ്ങ് നടത്താൻ സാധിക്കാത്തവർക്ക് ജൂൺ 16 വരെയുള്ള തിയതികളിൽ അതാത് അക്ഷയ സെന്ററുകൾ വഴി മസ്റ്ററിങ്ങ് നടത്താം. മസ്റ്ററിംഗ് നടത്തിയ കർഷകർക്ക് മാത്രമേ സേവനാ പോർട്ടൽ വഴി പെൻഷൻ ലഭിക്കുകയുള്ളൂവെന്ന് കൽപറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു