കൽപ്പറ്റ: ജില്ലയിൽ നാല് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തൊണ്ടർനാട് സ്വദേശിയായ 47 കാരനും ബത്തേരി കല്ലുവയൽ സ്വദേശിയായ 46 കാരനും കേണിച്ചിറ സ്വദേശിയായ 27 കാരനും അരിഞ്ചർമല സ്വദേശി 25 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
ആദ്യ മൂന്ന് പേർ കുവൈത്തിൽ നിന്ന് മെയ് 27 നും അരിഞ്ചർമല സ്വദേശി മെയ് 26 ന് ദുബൈയിൽ നിന്നും ജില്ലയിലെത്തി വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. സാമ്പിൾ പരിശോധനയിൽ പൊസിറ്റീവായതിനെ തുടർന്ന് ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച ഏഴ് പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ബത്തേരിയിൽ നിന്ന് അഡ്മിറ്റ് ചെയ്ത മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും പനമരം സ്വദേശികളായ രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടുപേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കർണ്ണാടകയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച പനമരം അഞ്ചുകുന്ന് വെള്ളരിവയൽ സ്വദേശിയായ യുവാവ്, ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കാരക്കാമല സ്വദേശിയായ 46 കാരൻ, ബത്തേരിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ,മീനങ്ങാടി സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി എന്നിവർ രോഗമുക്തരായി.
ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 55 ആയി ഉയർന്നു. ഇതിൽ 26 പേർ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു
205 പേർ കൂടി നിരീക്ഷണത്തിൽ
ആകെ നിരീക്ഷണത്തിലുളളത് 3571 പേർ
237 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
25 പേർ ജില്ലാ ആശുപത്രിയിലും ഒരാൾ കോഴിക്കോട്ടും ചികിത്സയിൽ
ഇന്നലെ പരിശോധനയ്ക്ക് അയച്ചത് 43 സാമ്പിളുകൾ
ഇതുവരെ അയച്ചത് 2344 സാമ്പിളുകൾ
1900 എണ്ണം നെഗറ്റീവ്
402 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്