തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, മറിപുഴ, മൈനാവളവ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. നിരവധി കർഷകരുടെ ആയിരകണക്കിൽ വാഴ ഉൾപ്പെടെയുള്ള കൃഷികൾ കഴിഞ്ഞ ദിവസവും നശിപ്പിച്ചു. കൂമ്പു ചീയൽ, മഞ്ഞളിപ്പ് തുടങ്ങിയ രോഗബാധ മൂലം തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ പരാജയപ്പെട്ടപ്പോഴാണ് ഇവിടെ കർഷകർ വാഴ, ചേമ്പ്, കപ്പ, കാച്ചിൽ, തുടങ്ങിയ കൃഷികൾ ആരംഭിച്ചത്. പശുവിനെ കറക്കാൻ പോലും രാവിലെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. ഐ.എൻ.ടി.യു.സി.യുവ തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി,യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബിൻ തയ്യിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. കാട്ടാന ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പ്രദേശവാസികളെയും കർഷകരെയും സംഘടിപ്പിച്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.