പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് വെറ്ററിനറി ഡോക്ടറും രണ്ട് ജനപ്രതിനിധികളും തമ്മിൽ ഉണ്ടായ തർക്കം വിവാദമായി. പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തി. എന്നാൽ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണ വിധേയരായ ജനപ്രതിനിധികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പറെ പങ്കെടുപ്പിച്ചിരുന്നില്ല. കൊവിഡിന്റെ സാഹചര്യത്തിലാണ് ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തിയത്. ഇതിന്റെ പേരിൽ രണ്ട് പഞ്ചായത്ത് അംഗങ്ങൾ തന്നെ ഫോണിൽ വിളിച്ച് അപമാനിക്കുംതരത്തിൽ സംസാരിച്ചെന്നാണ്‌ ഡോക്ടറായ ലക്ഷ്മി പറയുന്നത്. എന്നാൽ വാർഡ് മെമ്പറെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയത്‌ ചോദിക്കുക മാത്രമാണ് ചെയ്‌തെന്ന് പഞ്ചായത്ത് മെമ്പർ തോമസ് പാഴൂക്കാല പറഞ്ഞു. വെറ്ററിനറി ഡോക്ടറോട് മോശമായി സംസാരിച്ച പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐയുടെ സമരം ബ്ലോക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലിയും ബി.ജെ.പിയുടെ സമരം എൻ.വാമദേവനും ഉദ്ഘാടനം ചെയ്തു.