പേരാമ്പ്ര: ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിൽ കഴിയുന്ന ഭാര്യ ആതിരയെ അവസാനമായി ഒരു നോക്ക് കാണിച്ച ശേഷം മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് വീട്ടിലെത്തിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ചുരുക്കം ആളുകൾ മാത്രമേ സംസ്കാര ചടങ്ങിനുണ്ടായിരുന്നുള്ളുവെങ്കിലും നിതിന്റെ മൃതദേഹവുമായി ആംബുലൻസ് എത്തിയപ്പോൾ നാടാകെ വിലപിക്കുന്ന കാഴ്ചയായിരുന്നു. കുടുംബാംഗങ്ങളും ഉറ്റവരും ബാഷ്പാജ്ഞലി അർപ്പിച്ച ശേഷം വൈകാതെ സംസ്കാരം പൂർത്തിയാക്കി. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേർ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.