കോഴിക്കോട്: ബസ് യാത്രാ നിരക്കിൽ 50 ശതമാനം വർദ്ധന ഹൈക്കോടതി അനുവദിച്ചിട്ടും ജില്ലയിൽ ഇന്നലെ നിരത്തിലിറങ്ങിയത് ഏതാനും സ്വകാര്യ ബസ്സുകൾ മാത്രം. യാത്രക്കാർ കുറവാണെന്നായിരുന്നു ഭൂരിപക്ഷം ബസ് ഉടമകളുടെയും വാദം. എന്നാൽ കെ. എസ്. ആർ.ടി.സി സാധാരണ നിരക്കിൽ സർവീസ് നടത്തി.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സീറ്റിൽ ഒരാളെ ഇരുത്തി സർവീസ് അനുവദിച്ച സമയത്താണ് യാത്രാ നിരക്കിൽ സർക്കാർ 50 ശതമാനം വർദ്ധനവ് വരുത്തിയത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സർവീസ് നടത്താൻ അനുവദിക്കുകയും വർദ്ധിപ്പിച്ച യാത്രാനിരക്ക് പിൻവലിക്കുകയും ചെയ്തു. ഇതിനെതിരെ ബസ് ഉടമകൾ നൽകിയ ഹർജിയിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യുകയും അധിക നിരക്കിൽ സർവീസ് നടത്താൻ അനുവാദം ലഭിച്ചിട്ടും ബസുകൾ നിരത്തിലിറക്കാൻ ഉടമകൾ മടിക്കുകയാണ്. രാവിലെയും വൈകീട്ടും ഒഴിച്ച് മറ്റെല്ലാ സർവീസുകളിലും യാത്രക്കാർ ഇല്ലെന്ന വാദമാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ സർവീസ് നടത്തിയാൽ പ്രതിദിനം 500 രൂപ മുതൽ 1000 രൂപ വരെ നഷ്ടം ഉണ്ടാവും.
ബസ് വ്യവസായം നാശത്തിലേക്ക് നീങ്ങുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ പൊതുഗതാഗതം ഇല്ലാതാവുമെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി. ടാക്സ് ഗണ്യമായി കുറയ്ക്കുകയും വിദ്യാർത്ഥികളുടെ യാത്രാ ഇളവ് 50 ശതമാനമാക്കി പരിമിതപ്പെടുത്തുകയും വേണമെന്ന് ബസ് ഉടമകൾ പറഞ്ഞു. അതെസമയം കോടിക്കണക്കിന് രൂപ തൊഴിലാളി ക്ഷേമ നിധിയിലേക്ക് പിരിച്ചെടുക്കുന്നുണ്ടെങ്കിലും കൊവിഡ് കാലത്ത് യാതൊരു സഹായവും ലഭിച്ചില്ലെന്നാണ് ബസ് ജീവനക്കാരുടെ പരാതി.