കുറ്റ്യാടി: കൃഷിയിടങ്ങളിൽ അതിക്രമം കാണിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന് കേട്ടപ്പോൾ ഏറെ ആശ്വസിച്ചതായിരുന്നു കർഷകർ. പക്ഷേ, ഉത്തരവിലെ ഉള്ളടക്കം അറിഞ്ഞപ്പോൾ തലയിൽ കൈവെച്ചുപോയി. കൈയിലില്ലാത്ത തോക്ക് വെച്ച് എങ്ങനെ വെടിവെക്കുമെന്ന ചോദ്യമാണ് ഇവരുടേത്.
വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതായി മാർച്ച് മൂന്നിന് ഇറങ്ങിയ ഉത്തരവ് തികച്ചും അപ്രായോഗികമാണെന്ന് കർഷകർ പറയുന്നു.
കൃഷിനാശമുണ്ടാക്കുന്ന, മനുഷ്യനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടുപന്നികളെ മാത്രമെ വെടിവെയ്‌ക്കാവൂ എന്നും ലൈസൻസുള്ള തോക്കേ ഉപയോഗിക്കാവൂ എന്നുമാണ് ഉത്തരവിലെ നിർദ്ദേശം. വ്യാപകമായി കൃഷിനാശമുണ്ടാക്കുന്നവയിൽ കൂടുതലും കാട്ടുപന്നികളാണെന്ന വിലയിരുത്തലോടെയായിരുന്നു ഈ ഉത്തരവ്.
ജനജാഗ്രതാ സമിതി നൽകുന്ന ശുപാർശയനുസരിച്ച് ഡി.എഫ്.ഒ ഓരോ ഫോറസ്റ്റ് റേഞ്ച് പരിധിയിലും തോക്കിന്റെ ലൈസൻസുള്ളവരുടെയും പുതുതായി സന്നദ്ധരായവരുടെയും പാനൽ തയ്യാറാക്കും. പന്നിയെ വെടിവെച്ചു കൊന്നാൽ ഡി.എഫ്.ഒ യെ അറിയിച്ചിരിക്കണം. കൊല്ലുന്ന പന്നിയ്‌ക്ക് 1000 രൂപ വനം വകുപ്പ് നൽകുമെന്നും ഉത്തരവിലുണ്ട്.
പക്ഷേ, കർഷകരുടെ തോക്കുകൾ വർഷങ്ങളായി സർക്കാർ കസ്റ്റഡിയിലാണ്. ഓരോ വർഷവും ലൈസൻസ് പുതുക്കണം. എന്നാൽ വർഷങ്ങളായി കർഷകർ ലൈസൻസ് പുതുക്കുന്നില്ല. സർക്കാരിന്റെ 'സുഭിക്ഷ കേരളം" പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ മലയോരത്തെ രണ്ടേക്കറിൽ കൂടുതൽ കൃഷിഭൂമിയുള്ളവർക്ക് ലൈസൻസോടെ തോക്ക് നൽകണമെന്ന ആവശ്യമാണ് കർഷകരുടേത്.
ജനജാഗ്രതാ സമിതി ഫലപ്രദമാക്കാൻ ഫോറസ്റ്റ് റേഞ്ച് അധികൃതർ തയ്യാറാകണമെന്ന ആവശ്യം അംഗങ്ങളുയർത്തുന്നുണ്ട്.
ഉത്തരവിൽ ഇങ്ങനെ
കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം.
നടപ്പാക്കാനുള്ള ചുമതല വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്
വെടിവയ്‌ക്കാൻ ഉപയോഗിക്കേണ്ടത് ലൈസൻസുള്ള തോക്ക്
തോക്കുള്ളവരുടെ പട്ടിക തയ്യാറേക്കേണ്ടത് ഡി.എഫ്.ഒ
പന്നിയെ വെടിവെച്ചു കൊന്നാൽ ഡി.എഫ്.ഒ യെ അറിയിക്കണം
കൊല്ലുന്ന പന്നിയ്‌ക്ക് 1000 രൂപ വനം വകുപ്പ് നൽകും