കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബാൾ ക്ലബിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് പൂർണമായും മാറ്റില്ല. കൊച്ചി ഹോം ഗ്രൗണ്ടായി തന്നെ തുടരുമെന്ന് ക്ലബ് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബും ഫുട്‌ബാൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരുണ്ട് ക്ലബ്ബിന്.

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണാൻ അവസരം സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാൾ വികാരത്തെ കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുകയെന്നതും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമാണ്. അതിനായി സംസ്ഥാനത്ത് സൗകര്യങ്ങളുള്ള മൈതാനങ്ങൾ കണ്ടെത്തി അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പരിശ്രമം തുടരുമെന്നും ക്ലബ് സാരഥികൾ അറിയിച്ചു.