കോഴിക്കോട്: ലോക്ക് ഡൗണിൽ കുരുങ്ങിയ കച്ചവടക്കാർക്ക് പുത്തനുണർവേകി റെയിൻ കോട്ട് വില്പന തകൃതി. മഴ കനത്തതോടെയാണ് കടകളിലും തെരുവോരത്തും കോട്ടുകൾക്ക് ആവശ്യക്കാരേറിയത്. എല്ലാവർഷവും മേയിൽ തുടങ്ങേണ്ട റെയിൻ കോട്ട് വിപണി ഇത്തവണ ജൂണിലാണ് സജീവമായത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കോട്ട് നിമ്മാണം തുടങ്ങുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് നിർമ്മാണ യൂണിറ്റുകൾ അടച്ചതോടെ വിപണിയിലേക്കുള്ള കോട്ടുകളുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നിർമ്മാണവും സജീവമായി. പാന്റുള്ള കോട്ടിനാണ് ആവശ്യക്കാർ കൂടുതലുള്ളത്.
ബസ് സർവീസുകൾ കുറവായതിനാൽ ഇരു ചക്രവാഹനങ്ങളെ ആശ്രയിക്കുന്നവർ എണ്ണം വർദ്ധിച്ചു. ഇതും കോട്ട് വിപണിയ്‌ക്ക് കരുത്തായി. റിയൽ, അരിസ്റ്റോക്രാറ്റ്, ഡക്ക് ബാക്ക്, വൈൽഡ് ക്രാഫ്റ്റ് എന്നീ കമ്പനികളുടെ കോട്ടുകളാണ് വിപണിയിൽ കൂടുതൽ. സാധാരണ കോട്ടുകൾക്ക് 500 രൂപയും ബ്രാൻഡഡ് ഇനങ്ങൾക്ക് 900 രൂപയുമാണ് ശരാശരി നിരക്ക്. കുട്ടികളുടേതിന് 300 രൂപ മുതലാണ് വില.
ഉണരുന്ന കോട്ട് വിപണി
സാധാരണ കോട്ടിന്റെ വില- 500 മുതൽ
ബ്രാൻഡഡ് കോട്ടുകളുടെ വില- 900 മുതൽ
കുട്ടികളുടെ കോട്ടിന്റെ വില- 300 മുതൽ
കോട്ട് നിർമ്മാണം പ്ലാസ്റ്റിക്കിലും റക്‌സിനിലും
ആവശ്യക്കാർ ഏറെ ടൂ പീസിന്