കോഴിക്കോട്: ലോക്ക് ഡൗണിൽ ആരവമൊഴിഞ്ഞ ടർഫ് മൈതാനങ്ങൾ കളിക്കാരെ കാത്തിരിക്കുന്നു. കളി മുടങ്ങിയതോടെ ടർഫുകളുടെ പരിപാലനവും താറുമാറായി. ഭൂമി പാട്ടത്തിനെടുത്ത് ടർഫ് നിർമ്മിച്ചവർക്ക് വാടക കൊടുക്കാൻ പോലും കഴിയാതായി. കാരപ്പറമ്പ്, കുന്ദമംഗലം എൻ.ഐ.ടി, പാലാഴി, ഫറോക്ക്, ചെലവൂർ, രാമനാട്ടുകര, ബാലുശ്ശേരി, പയ്യോളി, കൊയിലാണ്ടി, എലത്തൂർ, പന്തീരാങ്കാവ്, താമരശ്ശേരി, വടകര, പുല്ലാളൂർ, നടുവട്ടം, ഉള്ളിയേരി, കണ്ണാടിക്കൽ എന്നിവിടങ്ങളിലായി നൂറിലേറെ ടർഫ് മൈതാനങ്ങളാണുള്ളത്.
ടർഫും എൽ.ഇ.ഡി ഫ്ലഡ്‌ലെെറ്രുകളും ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവും എൽ.ഇ.ഡി സ്‌ക്രീനുള്ള മെെതാനത്തിന്റെ ചെലവ് 25 ലക്ഷം മുതൽ അരക്കോടി രൂപ വരെയാണ്. കൂടാതെ ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജുമടക്കം ഇരുപതിനായിരത്തിലധികം രൂപയാണ് പ്രതിമാസത്തെ മറ്റ് ചെലവുകൾ. ടർഫ് സ്വന്തമായി ഒരുക്കുന്നവരും ഏജൻസികളെവെച്ച് തയ്യാറാക്കുന്നവരുമുണ്ട്. 50,000 രൂപ മുതൽ ഒരുലക്ഷം വരെയാണ് പ്രതിമാസ വാടക.
ഫൈവ്സ് ഗ്രൗണ്ടിൽ പകൽ സമയത്ത് 750 മുതലും സെവൻസ് ഗൗണ്ടിൽ 1000 മുതലുമാണ് ഒരുമണിക്കൂർ വാടക. രാത്രി ഇതേ ഗ്രൗണ്ടിൽ മണിക്കൂറിന് 1200, 1500 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ദിവസം ചുരുങ്ങിയത് ആറുമണിക്കൂർ കളി നടന്നാൽപ്പോലും പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപ ലഭിക്കുമായിരുന്നു. ഇപ്പോൾ 50000 രൂപ പോലും കിട്ടുന്നില്ല.
ടർഫ് നിർമ്മാണം
ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ടർഫുകളാണ് മെെതാനങ്ങളിൽ ഉപയോഗിക്കുന്നത്. ചതുരശ്രയടിക്ക് 100 മുതൽ 300 രൂപ വരെയാണ് വില. കോൺക്രീറ്റിട്ട ശേഷം മുകളിൽ മെറ്റലിട്ട് ടർഫ് വെച്ചുപിടിപ്പിക്കുന്ന ചെലവുകുറഞ്ഞ രീതിയാണ് മിക്കവരും സ്വീകരിക്കുന്നത്. അടിയിൽ ഡ്രെെയ്‌നേജ് സിസ്റ്റം സ്ഥാപിച്ച് അതിനു മുകളിൽ ക്വാറിവേസ്റ്റ്, മെറ്റൽ, ബേബി മെറ്റൽ, ടർഫ്, സിലിക്ക തുടങ്ങിയ വ്യത്യസ്ത പാളികളിൽ മൈതാനങ്ങൾ ഒരുക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള ടർഫുകൾക്ക് മികച്ച പരിപാലനവും ആവശ്യമാണ്.
ചെലവുകൾ പലത്
മെെതാനം നിർമ്മിക്കാനുള്ള ചെലവ്- 25 ലക്ഷം മുതൽ അരക്കോടി വരെ
മുമ്പ് ഒരുമാസം ലഭിച്ചിരുന്ന വാടക- 2,00,00 ലക്ഷം
ഇപ്പോൾ ലഭിക്കുന്നത്- 50000ൽ താഴെ
ഫൈവ്സ് ഗ്രൗണ്ടിൽ പകൽ സമയത്തെ വാടക (ഒരു മണിക്കൂർ)- 750 മുതൽ
സെവൻസ് ഗൗണ്ടിലെ വാടക (ഒരു മണിക്കൂർ)- 1000 മുതൽ
രാത്രിയിലെ വാടക (ഒരു മണിക്കൂർ) - 1200, 1500
ടർഫ് ഗ്രൗണ്ടുകളുടെ വാടക- 50,000 രൂപ മുതൽ 1,00,00 ലക്ഷം
'ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ല. വെെദ്യുതി ചാർജ് താങ്ങാനാകുന്നതിന് അപ്പുറമാണ്. എല്ലാ മേഖലകളിലും ഇളവ് ലഭിച്ചപ്പോൾ ഞങ്ങളും പ്രതീക്ഷിച്ചു. പക്ഷേ ഇതുവരെ ഒന്നുമുണ്ടായിട്ടില്ല. പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന് കരുതുന്നു".
- സോണൽ സതീഷ്