കോഴിക്കോട്: ആളൊഴിഞ്ഞ തെരുവിൽ ഒറ്റയ്‌ക്കായ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമ, തുറന്ന കടകളിൽ ആളുകളെ കാത്തിരിക്കുന്ന വ്യാപാരികൾ - ഞായറാഴ്ചകളിൽ പോലും തിരക്കൊഴിഞ്ഞ നേരമില്ലാത്ത കോഴിക്കോട് മിഠായിത്തെരുവിലെ ഇപ്പോഴത്തെ കാഴ്ചയാണിത്. എല്ലാം കിട്ടുമെന്ന് പറയുന്ന മിഠായിത്തെരുവിൽ പോകാൻ ആരുമില്ലാത്ത അവസ്ഥ.
ഒട്ടേറെ കച്ചവട സ്ഥാപനങ്ങളുള്ള തെരുവിൽ ഇപ്പോൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ് തുറക്കുന്നത്. വരുമാനമില്ലാത്തതിനാൽ മിക്കയിടങ്ങിലും തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. വാടക നൽകാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് കച്ചവടക്കാർ.
വസ്ത്രങ്ങൾ കെട്ടിക്കിടക്കുന്നു
ആഘോഷങ്ങൾക്ക് പുതുവസ്ത്രങ്ങൾ വങ്ങാൻ പണമൊഴുക്കുന്നവരാണ് കോഴിക്കോട്ടുകാർ. എന്നാൽ ലോക്ക് ഡൗൺ എല്ലാം തകിടം മറിച്ചു. ഇതോടെ തുണിക്കടകളുടെ പ്രതീക്ഷയ്‌ക്കും മങ്ങലേറ്റു. ഇപ്പോൾ പകുതി വില കുറച്ച് വിറ്റാലും വസ്ത്രങ്ങൾ വാങ്ങാൻ ആരുമില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വിഷു, പെരുന്നാൾ ആഘോഷങ്ങളെല്ലാം കൊവിഡ് കൊണ്ടുപോയി. സ്‌കൂൾ തുറക്കാത്തതിനാൽ ആ കച്ചവടവും പോയി.
നാവിൽ വെള്ളമൂറിക്കുന്ന കോഴിക്കോടൻ ഹൽവകളാണ് മറ്റൊരു ഹൈലൈറ്റ്. എന്നാൽ കൊവിഡ് ഭീഷണിയിൽ കോഴിക്കോടിന്റെ സ്വന്തം ഹൽവക്കച്ചവടവും നിലച്ച നിലയിലാണ്. സാധാരണ ലഭിച്ചിരുന്ന കച്ചവടത്തിന്റെ പത്തിലൊന്ന് പോലും ഇപ്പോഴില്ല.
പണമില്ല, പേടിയുണ്ട്
ലോക്ക് ഡൗണിന് ശേഷം ജനങ്ങളുടെ കൈയിൽ പണമില്ലാത്തതാണ് കച്ചവടക്കാരെ പ്രതികൂലമായി ബാധിച്ചത്. വിവാഹം, ഉത്സവം മുതലായ ആഘോഷങ്ങളൊന്നും നടന്നില്ല. ഇതോടെ വിപണിയിലേക്കുള്ള പണത്തിന്റെ വരവും കുറഞ്ഞു. കൊവിഡ് പേടിയിൽ ആൾക്കൂട്ടങ്ങളൊഴിഞ്ഞതും വിപണികൾക്ക് തിരിച്ചടിയായി.
'ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സർക്കാർ നേരിട്ട് ഇടപെടണം. ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റ്റിവെൽ പോലെ വ്യാവസായിക ഫെസ്റ്റുകൾ നടത്തണം. ജനങ്ങളെ വീണ്ടും മാർക്കറ്റിലെത്തിക്കണം".
അനീഷ്,
വസ്ത്രവ്യാപാരി