കോഴിക്കോട്: കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റുകളുടെ പണം പട്ടികവിഭാഗ വകുപ്പിൽ നിന്ന് എടുക്കുന്നതിനെതിരെ കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.
850 കോടി രൂപ ചെലവഴിച്ചാണ് സൗജന്യ കിറ്റുകൾ വിതരണം ചെയ്തത്. ഇതിൽ 350 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നെടുത്തു. ബാക്കിയുള്ള തുകയിൽ പട്ടികജാതി വികസന വകുപ്പിൽ നിന്നു എത്ര നൽകാൻ കഴിയുമെന്ന് പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിയോട് ഭക്ഷ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചോദിച്ചിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കെ.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച സമരം മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാതെ പതിനായിരക്കണക്കിന് പട്ടികവിഭാഗ വിദ്യാർത്ഥികൾ നട്ടം തിരിയുമ്പോൾ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് ക്രൂരതയാണെന്ന് കെ.സി.അബു പറഞ്ഞു.
ജില്ലാ പ്രസിഡൻറ് പി.ടി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എ.ടി.ദാസൻ, ജയരാജൻ മൂടാടി, മഹിളാഫെഡറേഷൻ ജില്ലാ സെക്രട്ടറി നിഷ സുരേഷ്, യുവജന ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ.പി.ശ്രീജിത് കുമാർ എന്നിവർ പ്രസംഗിച്ചു.