news
ഡോ.​ശ​ര​ത് ​ച​ന്ദ്ര​ൻ ​

ഡാക്ട്ടറെ... ഇങ്ങക്ക് ഇവിടെ ഒരു ആസ്പത്രി തൊടങ്ങിക്കൂടേ ? നാലു പതിറ്റാണ്ടിനപ്പുറത്ത് സാക്ഷാൽ ബേപ്പൂർ സുൽത്താന്റേതായിരുന്നു ചോദ്യം. വൈക്കം മുഹമ്മദ് ബഷീർ അന്ന് ഉയർത്തിയ ആ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നും ജനകീയ ആതുരാലയമായി ബേപ്പൂരിൽ തലയെടുപ്പോടെ നിൽക്കുന്ന ആർ.എം ആശുപത്രി.

എഴുപതുകളിൽ ആധുനിക ചികിത്സ സാധാരണക്കാർക്ക് പൊതുവെ അപ്രാപ്യമായിരുന്ന കാലഘട്ടത്തിലാണ് ആർ.എം ആശുപത്രിയുടെ ഉദയം. ബേപ്പൂർ സൂൽത്താന്റെ 'ആജ്ഞ" ശിരസാ വഹിച്ച് ആശുപത്രി തുടങ്ങിയ ഡോ.ശരത് ചന്ദ്രൻ അങ്ങനെ ബേപ്പൂരിന്റെ സ്വന്തം ഡോക്ടറായി മാറുകയായിരുന്നു. മലബാറിന്റെ ചികിത്സാചരിത്രത്തിൽ മുൻനിരയിൽ വരുന്ന പേരുകളിലൊന്നു തന്നെയാണ് ഇദ്ദേഹത്തിന്റേത്. അഞ്ചു പതിറ്റാണ്ടുകളായി ബേപ്പൂരിന്റെ ഡോക്ടറായി വാഴുന്ന ഡോ.ശരത് ചന്ദ്രന്റെ സേവനങ്ങളെ പറ്റി പഴമക്കാർ മുതൽ പുത്തൻതലമുറക്കാർക്കു വരെ പറയാൻ അനുഭവസാക്ഷ്യങ്ങളുണ്ട്.

വിഖ്യാത ഫോട്ടോഗ്രാഫർ പുനലൂർ രാജനൊപ്പമാണ് ഡോ.ശരത് ചന്ദ്രൻ ബഷീർ സമക്ഷത്തിലെത്തുന്നത്. അദ്ദേഹം ആളെ പരിചയപ്പെടുത്തിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ വന്നു സുൽത്താന്റെ ആ ചോദ്യം. പെട്ടെന്നു മറുപടി പറയാൻ കുഴങ്ങിയെങ്കിലും ആശുപത്രിയെന്ന ആശയം തലയിൽ നിറഞ്ഞിരുന്നു. സാധാരണക്കാർക്ക് ആശ്രയകേന്ദ്രമായി നാട്ടിൽ തന്നെ ഒരു ആശുപത്രി എന്നതാണ് അദ്ദേഹത്തിന്റെ മനസ്സിലെന്ന് അപ്പോൾ തന്നെ തിരിച്ചറി‌ഞ്ഞതാണ്. ആശുപത്രി എങ്ങനെയാവണമെന്നു ഓർമ്മിപ്പിക്കാനും സുൽത്താൻ മറന്നിരുന്നില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നു 1969-ലാണ് എം.ബി.ബി.എസ് പൂർത്തിയാക്കി ശരത് ചന്ദ്രൻ പുറത്തിറങ്ങുന്നത്. മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ; സാധാരണക്കാരുടെ ഡോക്ടറായി മാറണം. ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെയാണ്. കോഴിക്കോട് ജില്ലാ ജനറൽ ആശുപത്രിയിലെ രണ്ടു വർഷത്തെ സേവനം ജീവിതത്തിൽ തിരിച്ചറിവിന്റേതു കൂടിയായി. അന്നത്തെ കാലത്ത് സർക്കാരിൽ നിന്നു കിട്ടുന്നത് തുച്ഛമായ ശമ്പളം. അത് പലപ്പോഴും മെസ്സ് ബില്ലടിക്കാൻ മാത്രമേ തികഞ്ഞിരുന്നുള്ളൂ. അങ്ങനെ, ഒന്നിലേറെയിടത്ത് ജോലി ചെയ്യുക എന്ന ചിന്തയിലേക്കെത്തി. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ മൂന്നു വർഷത്തോളം ജോലി ചെയ്തു.

ബേപ്പൂരിലും സമീപപ്രദേശങ്ങളിലുമായി അന്നു കാര്യമായ ആശുപത്രിയൊന്നുമില്ലായിരുന്നു. സുൽത്താന്റെ ആജ്ഞ നിറവേറ്റി 1976 ലാണ് ആർ.എം ആശുപത്രി നാടിനു സമർപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ.സി.കെ. രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ സാധാരണക്കാരുടെ സ്വന്തമായി മാറാൻ ഡോ.ശരത് ചന്ദ്രന് സാധിച്ചു. പിന്നീട് ആശുപത്രി മൊത്തത്തിൽ മോടി പിടിപ്പിച്ച് പുതുതായി ഒരു ബ്ലോക്ക് കൂടി നിർമ്മിച്ചപ്പോൾ, ആ ബ്ലോക്ക് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി സമർപ്പിക്കാൻ ഉറപ്പിച്ചു. മുഹമ്മദ് ബഷീർ മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത് പി.എം.മേനോനാണ്.

മൊബൈൽ ഇന്റൻസിവ്

മെഡിക്കൽ യൂണിറ്റ്

ജില്ലയിലെ ആദ്യത്തെ മൊബൈൽ ഇന്റൻസിവ് മെഡിക്കൽ യൂണിറ്റ് 1982 ൽ ആരംഭിച്ചത് ഡോ.ശരത് ചന്ദ്രനാണ്. ഏതാണ്ട് പത്തു വർഷത്തോളം ഒരു ഡോക്ടറും നഴ്സുമടങ്ങുന്ന ടീം കല്ലായിയുടെ ഭാഗങ്ങളിലുൾപ്പെടെ എത്തിയിരുന്നു. പിന്നീട് ആംബുലൻസാക്കി മാറ്റുകയായിരുന്നു ആ വാഹനം.

തിരക്കൊഴിയാതെ

ഈ കുടുംബം

ഡോ.ശരത് ചന്ദ്രന്റെ ഭാര്യ ഡോ.സി.പി ശാന്ത ആശുപത്രിയിലെ ജനറൽ ഗൈനക്കോളജി, അഡ്മിനിസ്ട്രേറ്റിവ് വിഭാഗങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. മകൻ ശ്യാം ശരത് ചീഫ് മെഡിക്കൽ ഓഫീസറും ഡയബറ്റോളജിസ്റ്റുമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ.ദേവി മണിലാൽ ആർ.എം ആശുപത്രിയിലെ ഒഫ്‌തൽമോളജിസ്റ്റാണ്. ഈ ദമ്പതികളുടെ മകൾ വൈഷ്ണവി ശ്രീഗോകുലം സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. മകൾ സരിത ശരത്ത് എം.ബി.എ കഴിഞ്ഞ് ഗോതീശ്വരത്തെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ സെന്ററായ ഗോതീശ്വരം ബീച്ച് ഗാർഡൻ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്റെ ചുമതലയിലാണ്. ചുരുക്കത്തിൽ, ഡോക്ടറുടെ കുടുംബം മുഴുവൻ ആരോഗ്യ രംഗത്ത് തിരക്കിൽ തന്നെ.

ജീവിതം മറന്നുള്ള

ശൈലി പാടില്ല

ജീവിതശൈലി രോഗങ്ങളുടെ കാലമാണിത്. പണ്ടത്തെ പോലെയല്ല, ജീവിതശൈലിയാണ് പലർക്കും ഇല്ലാത്ത രോഗങ്ങൾ വരുത്തിവെക്കുന്നത്. തിരക്കു പിടിച്ച ജീവിതത്തിൽ ഭക്ഷണ രീതിയിൽ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമെന്ന് ഡോ.ശരത് ചന്ദ്രൻ പറയുന്നു. ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ സെന്റർ എന്ന ആശയത്തിലേക്ക് കൂടി തിരിഞ്ഞത് അങ്ങനെയാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആളുകൾക്ക് ആശ്വാസം പകർന്നേകാൻ ഗോതീശ്വരം ബീച്ചിന് സമീപം ഗോതീശ്വരം ബീച്ച് ഗാർഡൻ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ സെന്റർ സ്ഥാപിച്ചു. യോഗ, മെഡിറ്റേഷൻ തുടങ്ങിയവയിലൂടെ ആളുകൾക്ക് ഒരു പോസ്റ്റീവ് എനർജി നൽകുകയാണ് സെന്ററിലൂടെ.

ഉപയോഗിക്കാം കോട്ടൺ മാസ്ക്

പൊടിക്കൈകളോടെ

കൊവിഡ് പടർന്നു പിടിക്കുന്ന ഈ കാലത്ത് മാസ്ക് തന്നെയാണ് രക്ഷകൻ. കൊവിഡിനെ പൂർണമായി പിടിച്ചുകെട്ടാൻ സമയമെടുക്കും. അതുകൊണ്ടു തന്നെ ഏറെക്കാലം ഡിസ്പോസിബിൾ മാസ്ക് ഉപയോഗിക്കാൻ കഴിയില്ല. സാധാരണ ജനങ്ങൾക്ക് വില കൂടിയ മാസ്കുകൾ താങ്ങാവുന്നതുമല്ല. ഡിസ്പോസിബിൾ മാസ്കിന് പകരം കോട്ടൺ മാസ്ക് ഉപയോഗിക്കാം. മാസ്കുകൾ ഉപയോഗശേഷം ഉപ്പുലായനിയിൽ (സോഡിയം ക്ളോറൈഡ്) അര മണിക്കൂർ മുക്കിവെക്കുന്നതിലൂടെ വൈറസിനെ ഒരു പരിധി വരെ അകറ്റാൻ സാധിക്കുമെന്ന് ഡോ. ശരത് ചന്ദ്രൻ ഓർമ്മിപ്പിക്കുന്നു. ഈ ലായനിയിൽ മാസ്‌ക് മുക്കി വെക്കുന്നതോടെ തുണിയിലേക്ക് ഉപ്പ് പിടിക്കും. ഇത്തരത്തിൽ കഴുകി മാസ്‌ക് ഉപയോഗിച്ചാൽ രോഗികളുടെ വായിൽ നിന്നു വൈറസ് വന്നാലും അത് തുണിയിൽ പറ്റിപ്പിടിക്കും. പ്രതലത്തിൽ ഉപ്പുള്ളതിനാൽ വൈറസിന് ഏറെ നേരം ജീവനോടെ തുടരാനാവില്ല. ഒാസ്മോസിസ് ഇഫക്‌റ്റാണ് ഇതിനു കാരണം.

ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിക്കാൻ ഉപ്പിന് എളുപ്പത്തിൽ സാധിക്കുമെന്നത് അനുഭവത്തിലൂടെ നമുക്കറിയാം. അതിന് ഏറ്റവും നല്ല ഉദാഹരണം ഉണക്കമത്സ്യം തന്നെ. അച്ചാറുകൾ മാസങ്ങളോളം കേടുകൂടാതെ ഉപയോഗിക്കാനാവുന്നതിലും ഉപ്പിന്റെ ശക്തിയുണ്ട്. ശരീരത്തിൽ മുറിവേറ്റാൽ ഉപ്പുവെള്ളത്തിൽ കഴുകുന്നത് ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ മലയോര മേഖലയിൽ കാണപ്പെടുന്ന അട്ടയെ പ്രതിരോധിക്കാൻ ഉപ്പ് പ്രയോഗം തന്നെയാണ് ഏറ്റവും ഉത്തമം.

സാനിറ്റൈസറും ഹാൻഡ് വാഷും ഉപയോഗിക്കുന്നതു പോലെ തന്നെ കൈകളിൽ ഉപ്പ് പുരട്ടുന്നതും നല്ലതാണ്. രോഗലക്ഷണങ്ങളുള്ളവർ ചുടുവെള്ളം തൊണ്ടയിൽ പിടിപ്പിക്കുന്നതും കൈകളും മുഖവും ഉപ്പുവെള്ളത്തിൽ കഴുകുന്നതും ഏറെ നല്ലതാണെന്നും ഡോ.ശരത് ചന്ദ്രൻ ഓർമ്മിപ്പിക്കുന്നു.