കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്തിന്റെ അധീനതയിലുള്ള കമ്പളക്കാട് മിനി സ്റ്റേഡിയത്തിന്റെ ഗ്യാലറി നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് യൂത്ത് ഫോർ ആർട്സ് ആൻഡ് സ്‌പോർട്സ് (യാസ്) ക്ലബിന്റെ ആഭിമുഖ്യത്തിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെയും ക്ലബ് പ്രതിനിധികളുടെയും യോഗം അഭിപ്രായപ്പെട്ടു. ഓരോ വർഷവും പ്രസ്തുത സ്റ്റേഡിയത്തിൽ താൽക്കാലിക ഗ്യാലറികൾ നിർമിച്ചാണ് വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ടൂർണ്ണമെന്റുകൾ നടത്താറുള്ളത്. ലക്ഷക്കണക്കിന്ന് രൂപയാണ് താൽക്കാലിക ഗ്യാലറിക്കായി ചിലവഴിക്കേണ്ടി വരുന്നത്. സ്ഥിരം ഗ്യാലറി എന്ന കായിക പ്രേമികളുടെ പൊതുവികാരം പരിഗണിച്ചാണ് ഏതാണ്ട് ആയിരം പേർക്ക് ഇരുന്ന് കളി കാണാവുന്ന രീതിയിലുള്ള ഗ്യാലറി നിർമാണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചത്. ലെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റുകൾ നടത്താൻ ഗ്രൗണ്ടിന് 110 മീറ്റർ നീളം ആവശ്യമുണ്ട്. 95 മീറ്റർ നീളവും 70 മീറ്റർ വീതിയുമാണ് ഗ്രൗണ്ടിനുള്ളത്. മൂന്ന് മീറ്ററിനടുത്ത് വീതിയിലുള്ള സ്ഥലം മാത്രമാണ് ഗ്യാലറിക്കായി എടുക്കുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് സ്ഥലം വാങ്ങിക്കുന്നതിനായി ജില്ലാ ബ്ലോക്ക്
പഞ്ചായത്തുകൾക്ക് ഫണ്ട് വകയിരുത്താൻ സർക്കാർ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല എന്ന കാര്യം മറച്ചുവെച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഗ്രൗണ്ട് വിപുലീകരണത്തിന് നിർമാണം ഒരു തരത്തിലും തടസമാവില്ല.
എല്ലാ കായിക മത്സരങ്ങൾക്കും ഉതകും വിധം സ്റ്റേഡിയത്തെ മാറ്റുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എം.എൽ.എ, ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതികൾ എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് യൂസഫ് അദ്ധ്യക്ഷനായി. വി.പി യൂസഫ്, ഷാജി അബ്ദുൾ ഫൗസ്, മേജോ ജോൺ, മുകുന്ദൻ പള്ളിയറ, സലീം കടവൻ, മുഹമ്മദ് അസ്ലം ബാവ, സി രവീന്ദ്രൻ, താരീഖ് കടവൻ, മുജീബ് റഹ്മാൻ, ഷാജിത്ത്, ഷൈജൽ എന്നിവർ സംസാരിച്ചു.