കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാഴാഴ്ച 224 പേർ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് ആകെ 3551 പേർ. 1706 ആളുകൾ വിവിധ കൊവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിലുളത്. വ്യാഴാഴ്ച 244 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇരുപത് പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സയിലുണ്ട്.
ജില്ലയിൽ നിന്ന് 2393 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 1971 ആളുകളുടെ ഫലം ലഭിച്ചു. 1934 എണ്ണം നെഗറ്റീവാണ്. 417 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി 3040 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2156 എണ്ണത്തിന്റെ ഫലം ലഭിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്ന 173 പേർക്ക് കൗൺസിലിങ്ങ് നൽകി.


കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്ന മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ, തവിഞ്ഞാൽ പഞ്ചായത്തിലെ 8,9,10 വാർഡുകൾ, മീനങ്ങാടി പഞ്ചായത്തിലെ 8,11,12,13,14,15,18 വാർഡുകൾ, പനമരം പഞ്ചായത്തിലെ 19,23 വാർഡുകൾ എന്നിവയെ കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.