കോഴിക്കോട്: ട്രെയിനിൽ കയറ്റിവിടുന്ന ചരക്ക് ലക്ഷ്യസ്ഥാനത്ത് കിട്ടാൻ വൈകിയാൽ റെയിൽവേ നഷ്ടപരിഹാരം നൽകിയിരിക്കും.
ലോക്ക് ഡൗൺ കാരണം ചരക്ക് നീക്കം നിലച്ചതോടെ റെയിൽവേയ്ക്ക് വന്നുപെട്ടത് വൻനഷ്ടമാണ്. ഇത് നികത്താൻ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കി വരുമാനം കൂട്ടാനാണ് ശ്രമം.
കൂടുതൽ ദൂരത്തേക്ക് അയയ്ക്കുന്നതിന് കുറഞ്ഞ നിരക്ക്, ചരക്കുകൾ വൈകിയാൽ നഷ്ടപരിഹാരം തുടങ്ങിയ ആനുകൂല്യങ്ങളാണ് മുഖ്യമായും നടപ്പാക്കുക. ചൊവ്വാഴ്ച ഡൽഹിയിൽ റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
രാജ്യത്തെ ആദ്യസ്വകാര്യ ട്രെയിനായ 'തേജസി'ലെ യാത്രക്കാർക്കായി ആവിഷ്കരിച്ച, വൈകിയാൽ നഷ്ടപരിഹാരം എന്ന നയം ചരക്കിന്റെ കാര്യത്തിലും സ്വീകരിക്കുകയായിരുന്നു.
സ്പെഷ്യൽ പാഴ്‌സൽ ട്രെയിനുകൾ വഴി കൃത്യസമയത്ത് തന്നെ സാധനങ്ങൾ എത്തിക്കാൻ കഴിയുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ പാസഞ്ചർ മേഖലയിൽ വരുമാനം ഇടിഞ്ഞപ്പോൾ അവശ്യസാധനങ്ങൾ കടത്തുന്നതിൽ വരുമാനം 607 കോടി രൂപ വർദ്ധിക്കുകയായിരുന്നു.