നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്തിന് സമീപത്തെ രാംപൊയിലുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്റർനെറ്റില്ലാതെ ബുദ്ധിമുട്ടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പറഞ്ഞു. മടവൂർ രാംപൊയിൽ പ്രദേശത്ത് വിദ്യാർത്ഥികൾക്ക് പഠിക്കാനും, പ്രവാസികൾക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാനും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക്ക് യുവജനതാ ദൾ രാംപൊയിൽ യൂണിറ്റ് കമ്മിറ്റി നരിക്കുനി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് ഇന്റർനെറ്റ് സംവിധാനമൊരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം നടപ്പാക്കിയില്ലെങ്കിൽ പ്രദേശത്തെ വിദ്യാർത്ഥികളെ മൊബൈൽ ഫോണുകളുമായി കലക്ടറേറ്റിനു മുമ്പിൽ അണിനിരത്തുമെന്നും സലീം മടവൂർ പറഞ്ഞു. ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അഷ്രഫ്, ടി. ഷഫീഖ്, വി.എൻ. യാസർ, എ. മുഹമ്മദലി, കെ.കെ. അഫ്‌സൽ, ഹിഷാം അബ്ദുള്ള, കെ. അൻവർ പ്രസംഗിച്ചു.