chandrika

പയ്യോളി: ഒറ്റയ്‌ക്ക് താമസിക്കുന്ന വൃദ്ധയെ അടിച്ചു വീഴ്‌ത്തിയ മോഷ്ടാവ് 12 പവൻ സ്വർണം കവർന്നു. തിക്കോടി ടൗണിലെ കിഴക്ക് പഴയ തീയേറ്റർ റോഡിൽ അരീക്കര വയൽകുനി പൗർണമിയിൽ പരേതനായ റിട്ട. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ ഉദ്യോഗസ്ഥൻ കുഞ്ഞിരാമന്റെ ഭാര്യ ചന്ദ്രികയുടെ (70) വീട്ടിലാണ് മോഷണം നടന്നത്. ചന്ദ്രികയുടെ ഒരു പവന്റെ നാല് വള, രണ്ട് പവന്റെ വള, ആറ് പവന്റെ താലിമാല എന്നിവയാണ് നഷ്ടമായത്. 32 വയസ് തോന്നിക്കുന്ന ഷർട്ടും ഷോട്‌സും ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച രാത്രി എട്ടരയ്‌ക്കായിരുന്നു സംഭവം. ആരോ വിളിക്കുന്നത് കേട്ട് വാതിൽ തുറന്ന ചന്ദ്രികയെ മോഷ്ടാവ് തള്ളി താഴെയിടുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ അഴിച്ചെടുത്തത്. വീട്ടിലും പരിസരത്തും ടാൽക്കം പൗഡർ വിതറിയ ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഇതിനിടെ അബോധാവസ്ഥയിലായ വീട്ടമ്മയ്‌ക്ക് രാത്രി വൈകിയാണ് ബോധം തിരിച്ച് കിട്ടിയത്. തുടർന്ന് അയൽവാസികളെ വിളിച്ചെങ്കിലും ആരും അറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് അയൽവാസികളും ബന്ധുക്കളും വിവരമറിഞ്ഞത്. കണ്ണിനും നാവിനും പരിക്കേറ്റ ചന്ദ്രിക ചികിത്സ തേടി.

പൊലീസ് നായ വീടിന് ചുറ്റും നടന്ന ശേഷം പുറക്കാട് കള്ള് ഷാപ്പ് പരിസരവും കഴിഞ്ഞ് ഓടി. കോഴിക്കോട് റൂറൽ എസ്.പി ഡോ. ശ്രീനിവാസ്, ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, മേപ്പയൂർ സി.ഐ അനൂപ്,പയ്യോളി എസ്.ഐ പി.എസ്. സുനിൽകുമാർ, പി. രമേശൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ചന്ദ്രികയുടെ മൂത്ത മകൻ അജിത്ത് കുമാർ 2008ൽ അപകടത്തിൽ മരിച്ചിരുന്നു. ഇളയ മകൻ അജയ് ബംഗളൂരുവിൽ എൻജിനിയറാണ്.