വടകര: കൊവിഡ് നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവുകൾ നൽകിയതോടെ നാട്ടിൻ പുറങ്ങളിൽ കുട്ടികൾ പാലായനത്തിലാണ്. വിദേശങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും ആളുകൾ സ്വന്തം നാട്ടിലെ വീടണയുമ്പോൾ അയവാസികളായിട്ടുള്ള കൗമാരക്കാരായ കുട്ടികളാണ് പലായനത്തിന് നിർബന്ധിതരാവുന്നത്. ഏറെ കാലത്തിന് ശേഷം നാട്ടിലെത്തുന്നവരെയും ഇവർക്കൊപ്പമുള്ള സമപ്രായക്കാരായവരെയും കാണാനും ബന്ധം പുതുക്കാനും കുട്ടികൾ മുതിർന്നേക്കും എന്ന വേവലാതിയിലാണ് രക്ഷിതാക്കൾ തന്നെ ഇവരെ ബന്ധുവീടുകളിലേക്കും മറ്റും പറഞ്ഞുവിടുന്നത്. രോഗചികിത്സയിലുള്ള മുതിർന്നവരും കുട്ടികൾക്കൊപ്പം വീട് മാറി താമസിക്കുന്ന അവസ്ഥയായിട്ടുണ്ടു്. ലോക് ഡൗണിന് സർക്കാരാണ് ഇളവ് നൽകിയതെന്നും കൊറോണ യാതൊരു ഇളവും നൽകിത്തുടങ്ങിയിട്ടില്ലെന്നും തിരിച്ചറിയുന്നവർ കുട്ടികളെ നിയന്ത്രിക്കുന്നത് പ്രയാസമാണെന്ന് കണ്ടാണ് വീടുവിട്ടുള്ള പലായനം.