jeep

നാദാപുരം: നാദാപുരം പേരോട് എം.ഐ.എം ഹൈസ്‌കൂൾ റോഡിന് സമീപത്തെ വീടിന്റെ മുറ്റത്ത് കിടന്ന ജീപ്പ് കത്തിനശിച്ചു. നാദാപുരം, പാറക്കെട്ടിൽ ഗഫൂറിന്റെ ബൊലേറോ ജീപ്പാണ് കത്തിയത്. വീടിനോട് ചേർന്ന ടാർപോളിൻ ഷെഡിൽ കിടന്ന ജീപ്പാണ് പൂർണമായും നശിച്ചത്. വീട്ടിലെ വൈദ്യുതി മീറ്റർ, സർവീസ് വയർ എന്നിവയും കത്തിനശിച്ചു.
റൂഫിംഗ് കരാർ ജോലിക്കാരനായ ഗഫൂറിന്റെ പണിയായുധങ്ങളും മറ്റുപകരണങ്ങളും ജീപ്പിലാണ് സൂക്ഷിച്ചിരുന്നത്. ഇവയും പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ജീപ്പ് കത്തുന്നത് കണ്ടത്. സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമന സേനാ വിഭാഗവും ഏറെ പാടുപെട്ട് തീയണച്ചതിനാൽവീട്ടിലേക്ക് പടർന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐ.എൻ.എൽ പ്രവർത്തകനായ ഗഫൂറും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറെ നാളുകളായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വാട്‌സ് ആപ്പിലൂടെ വധഭീഷണി വന്നതായി ഇയാൾ നാദാപുരം പൊലീസിലും പരാതി നൽകിയിരുന്നു. നാദാപുരം എ.എസ്.പി അങ്കിത് അശോകിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരശോധന നടത്തി. വീടിന് പൊലീസ് കാവലും ഏർപ്പെടുത്തി.