കോഴിക്കോട്: കേരളത്തിൽ ബാലവേല അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും മുന്നറിയിപ്പ് ജാഗ്രത കൈവിടാതെ അധികൃതർ. ലോക ബാലവേല വിരുദ്ധ ദിനത്തിൽ ബോധവത്കരണത്തിനു കൂടുതൽ ഊന്നൽ നൽകിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നു എത്തിക്കുന്ന കുട്ടികളെയാണ് ഇവിടങ്ങളിൽ കൂടുതലും ജോലി ചെയ്യിക്കുന്നത്. 2018 നവംബർ മുതൽ ഇതിനിടയ്ക്ക് ഇത്തരത്തിലുള്ള 54 കുട്ടികളെ മോചിപ്പിച്ചിട്ടുണ്ട്.
കൊവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രശ്നങ്ങൾക്കിടെ ബാലവേല കൂടാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് വനിതാ ശിശു വികസനവകുപ്പ് ഏറെ ജാഗ്രത പുലർത്തുന്നുണ്ട്. 18 വയസിന് താഴെയുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്ത് ശിക്ഷാർഹമാണ്. ബാലവേല, ബാലഭിക്ഷാടനം തുടങ്ങിയവയ്‌ക്കെതിരെ വനിതാ ശിശു വികസന വകുപ്പ് മുഴുവൻ ജില്ലകളിലും ശരണബാല്യം പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.
ശരണബാല്യം
ശരണബാല്യം പദ്ധതിയിലൂടെ 2018 നവംബർ മുതൽ ഇതുവരെ 279 കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നാണ് കൂടുതൽ കുട്ടികളെ രക്ഷിച്ചത്. 2016 നവംബറിൽ പത്തനംതിട്ടയിലായിരുന്നു ശരണബാല്യത്തിന്റെ തുടക്കം. രണ്ടാംഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇതിലൂടെ 65 കുട്ടികളെ സുരക്ഷിതമാക്കി.
2018 നവംബറിലാണ് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിച്ചത്. ബാലവേല, ബാലഭിക്ഷാടനം എന്നിവയിൽ നിന്ന് മോചിപ്പിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളെ കണ്ടെത്തി ഏല്പിക്കാൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ സഹായത്തോടെ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനവുമുണ്ട്.
സുരക്ഷിതരാക്കപ്പെട്ട കുട്ടികൾ
തിരുവനന്തപുരം- 25
കൊല്ലം- 14
പത്തനംതിട്ട- 36
ആലപ്പുഴ- 27
കോട്ടയം- 3
ഇടുക്കി- 35
എറണാകുളം- 17
തൃശൂർ- 15
പാലക്കാട്- 19
മലപ്പുറം- 17
കോഴിക്കോട്- 10
വയനാട്- 13
കണ്ണൂർ- 20
കാസർകോട്- 28