# അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി
കോഴിക്കോട്: കൊവിഡ് ഭീഷണിയിൽ കേരളത്തിലെ നിർമ്മാണ മേഖല സമ്പൂർണ്ണമായും ലോക്ക് ഡൗണിലായി. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങിയതാണ് സംസ്ഥാനത്തെ നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ലോക്ക് ഡൗൺ ഇളവിൽ കരകയറുമെന്ന പ്രതീക്ഷയാണ് തൊഴിലാളി ക്ഷാമത്തോടെ തകർന്നത്. വൻകിട നിർമ്മാണം മുതൽ നാട്ടിൻ പുറങ്ങളിലെ വീട് പണിയിൽ വരെ തൊഴിലാളികളുടെ മടക്കം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിലെ തകർച്ച സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കരാർ ജോലികൾ ഏറ്റെടുത്ത കോൺട്രാക്ടർമാരും തൊഴിലാളികളെ കിട്ടാതെ പാടുപെടുകയാണ്. കോൺക്രീറ്റ് പണികളാണ് പ്രധാനമായും സ്തംഭിക്കുന്നത്. ചെത്തിപ്പടവ് ഉൾപ്പെടെ മറ്റുജോലികൾ മലയാളികൾ ചെയ്യുന്നുണ്ടെങ്കിലും കോൺക്രീറ്റ് പണിക്കാണ് ആളെ കിട്ടാത്തത്. നിലവിൽ കേരളത്തിൽ തങ്ങുന്നവരെ ഉപയോഗിച്ചാണ് പലയിടത്തും നേരിയ തോതിലെങ്കിലും പണി നടക്കുന്നത്. അമ്പതും നൂറും പേർ ജോലി ചെയ്ത സ്ഥലങ്ങളിൽ ഇപ്പോൾ പത്തും ഇരുപതും തൊഴിലാളികളായി ഒതുങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും രാവിലെ ജോലിക്ക് പോകാനായി കാത്തിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടങ്ങളും ഇല്ലാതായി.
#തൊഴിൽ വകുപ്പിന്റെ കണക്കിൽ കേരളത്തിൽ നിന്ന് പോയത് 180 ട്രെയിനുകൾ
# 2,52,051 അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് പോയി
#മടങ്ങിയത് പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, അസം സ്വദേശികൾ
#ബസുകൾ ഉൾപ്പെടുത്തിയാൽ മടങ്ങിയവരുടെ എണ്ണം മൂന്നുലക്ഷത്തോളം
"മെറ്റൽ, എംസാന്റ്, കമ്പി, സിമന്റ് എന്നിവ നിയന്ത്രണമില്ലാതെ ലഭിക്കുമ്പോഴാണ് തൊഴിലാളികളുടെ ക്ഷാമം ഫ്‌ളാറ്റുകളുടെ ഉൾപ്പെടെ പ്രവൃത്തികൾ തടസപ്പെടുത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള നിരവധി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ഈ നില തുടർന്നാൽ പ്രവൃത്തികളെ ബാധിക്കും. വിദഗ്ധ തൊഴിലാളികളുടെ കുറവ് കാരണം പല കമ്പനികളും നടത്തുന്ന നിർമ്മാണങ്ങൾ മുടങ്ങിയിരിക്കുകയാണ്"- എസ്. ഷാജു , എം.ഡി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.