കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളി ജില്ലാ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി ഒരു ദൃശ്യമാദ്ധ്യമത്തിൽ വന്ന വാർത്തയെത്തുടർന്ന് ജയിൽവകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയല്ലെന്നു കണ്ടെത്തി. തടവുകാർക്ക് ബന്ധുക്കളെ വിളിക്കാനുള്ള കാർഡ് ടെലിഫോണിൽ നിന്നാണ് കേസിൽ സാക്ഷിയായ മകൻ റോമോയെ ജോളി മൂന്നു തവണ വിളിച്ചതെന്ന് വ്യക്തമായി. ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്.
കേസിൽ വിചാരണ തുടങ്ങാനിരിക്കെ ജോളി മകനെ വിളിച്ചത് സ്വാധീനിക്കാനുള്ള ശ്രമമായാണ് കരുതപ്പെടുന്നത്. റോമോയം ജോളി പല തവണ വിളിച്ചെന്നു കാണിച്ച് ഇവരുടെ ആദ്യഭർത്താവ് റോയി തോമസിന്റെ സഹോദരി റെഞ്ചി ഐ.ജി അശോക് യാദവിന് പരാതി നൽകിയിരുന്നു. റെഞ്ചിക്കൊപ്പമാണ് റോമോ താമസിക്കുന്നത്.
തടവുകാർക്ക് ബന്ധുക്കളെ വിളിക്കാൻ എല്ലാ ജയിലിലും കാർഡ് ഫോൺ സംവിധാനമുണ്ട്. മൊബൈൽ ഫോണിന്റേതിനു സമാനമായ നമ്പറാണ് ഇതിന്. തടവുകാർ ആവശ്യപ്പെടുന്ന മൂന്നു നമ്പറുകളിലേക്കു മാത്രമെ വിളിക്കാനാവൂ.