കോഴിക്കോട്: സർവകലാശാലകളിലും കോളേജുകളിലും അപ്രഖ്യാപിത നിയമന നിരോധനം അടിച്ചേല്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യുണൈറ്റഡ് ആക്‌ഷൻ ഫോറം ടു പ്രൊട്ടക്ട് കോളേജിയറ്റ് എജ്യുക്കേഷൻ കൺവീനർ എസ്.അലീന പ്രസ്താവനയിൽ പറഞ്ഞു.

ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനി മുതൽ ആഴ്ചയിൽ പതിനാറു മണിക്കൂർ അദ്ധ്യാപനമുണ്ടെങ്കിൽ മാത്രമേ പുതിയ തസ്തിക വരൂ. പി.ജി ക്‌ളാസുകളിലെ അദ്ധ്യാപനത്തിനു ലഭിച്ച വെയ്റ്റേജ് സമ്പ്രദായവും എടുത്തുകളഞ്ഞു. അടുത്ത പത്തു വർഷത്തേക്കെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് നിയമനമുണ്ടാകാത്ത ഒരു സാഹചര്യമാണ് ഈ ഉത്തരവ് വരുത്തിവെക്കുകയെന്ന് കൺവീനർ കുറ്റപ്പെടുത്തി.

ഈ ഉത്തരവിനെതിരെ ഉദ്യോഗാർത്ഥികളും ഗവേഷകരും സമരത്തിനൊരുങ്ങുകയാണ്. ആക്‌ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ 14ന് ഓൺലൈനായി ഒരുക്കുന്ന സമരപ്രഖ്യാപന കൺവൻഷൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.