local
എൻ.ജി.ഒ അസോസിയേഷൻ ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളുടെയും കോളേജുകളുടെയും ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റിയ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.പി.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഓഫീസ് സമയമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ എൻ.ജി .ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കാർ ഉത്തരവിൽ ഓഫീസ് സമയം രാവിലെ 8.30ന് ആരംഭിക്കും. പൊതു ഗതാഗത സംവിധാനം സാധാരണ നിലയിൽ ആകാത്തതിനാൽ ജീവനക്കാർക്ക് സമയത്ത് ഓഫീസിലെത്തുക പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.കെ.പ്രമോദ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിപീഷ് നേതാക്കളായ വി.പി. ജംഷീർ, കെ.പി.സുജിത, പി. നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.