കോഴിക്കോട്: കുന്ദമംഗലത്ത് നിർമ്മാണം നടന്നുവരുന്ന മാതൃകാ പൊലീസ് സ്റ്റേഷന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. പി.ടി.എ റഹിം എം.എൽ.എ, സിറ്റി പൊലീസ് കമ്മീഷണർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർമ്മാണ പുരോഗതി വിലയിരുത്തി.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂർ റോഡിൽ ആഭ്യന്തര വകുപ്പിന്റെ ഒന്നരയേക്കർ സ്ഥലത്ത് 6,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിട നിർമാണം. 1.3 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് 1.05 കോടി രൂപയും കുന്ദമംഗലം ടൗണിൽ പൊലീസ് നിയന്ത്രണത്തിൽ സർവൈലൻസ് സിസ്റ്റം സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയും അനുവദിച്ചു.

സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീജയൻ, അസിസ്റ്റന്റ് എൻജിനീയർ എ. ശശി, യു.എൽ.സി.സി ഡെപ്യൂട്ടി മാനേജർ കെ. ജയേഷ്, കുന്ദമംഗലം സി.ഐ ജയൻ ഡൊമിനിക്, എസ്.ഐ ടി.എസ്. ശ്രീജിത്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ. രജീഷ്, ജി.എസ്. ശ്രീജേഷ്, പി.കെ. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.